News Kerala

16-ാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം ഇന്ന്; എംഎല്‍എമാരുടെ സത്യപ്രതിജ്ഞ രാവിലെ 9 മണിക്ക്

Axenews | 16-ാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം ഇന്ന്; എംഎല്‍എമാരുടെ സത്യപ്രതിജ്ഞ രാവിലെ 9 മണിക്ക്

by webdesk2 on | 21-05-2026 08:09:40

Share: Share on WhatsApp Visits: 4


16-ാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം ഇന്ന്; എംഎല്‍എമാരുടെ സത്യപ്രതിജ്ഞ രാവിലെ 9 മണിക്ക്

തിരുവനന്തപുരം:  പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിന് ഇന്ന്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങുകളോടെയാണ് സഭാ സമ്മേളന നടപടികള്‍ ആരംഭിക്കുന്നത്. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ചടങ്ങില്‍ പ്രോടെം സ്പീക്കര്‍ ജി. സുധാകരന്‍ മുന്‍പാകെയാണ് 140 മണ്ഡലങ്ങളില്‍ നിന്നുമുള്ള എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. കഴിഞ്ഞ ദിവസം ഗവര്‍ണ്ണര്‍ക്ക് മുന്‍പില്‍ പ്രോടെം സ്പീക്കറായി ജി. സുധാകരന്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു. പുതിയ നിയമസഭാംഗങ്ങളെ സ്വീകരിക്കുന്നതിനായി സഭയ്ക്കുള്ളിലും പുറത്തും വിപുലമായ ഒരുക്കങ്ങളാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. നാളെയാണ് പുതിയ സ്പീക്കറെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നടക്കുക.

ഇത്തവണത്തെ നിയമസഭയുടെ ഏറ്റവും വലിയ സവിശേഷത പകുതിയോളം അംഗങ്ങളും പുതുമുഖങ്ങളാണ് എന്നതാണ്. സഭയിലെ 140 അംഗങ്ങളില്‍ 70 പേരും ആദ്യമായി നിയമസഭയുടെ പടവുകള്‍ കയറുന്നവരാണ്. അതേസമയം, പരിചയസമ്പന്നരായ മുതിര്‍ന്ന നേതാക്കളുടെ വലിയൊരു നിരയും സഭയിലുണ്ട്. മുസ്ലീം ലീഗ് നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടിയാണ് ഈ സഭയില്‍ ഏറ്റവും കൂടുതല്‍ തവണ വിജയിച്ച വ്യക്തി. ഇത് ഒന്‍പതാം തവണയാണ് അദ്ദേഹം എം.എല്‍.എയായി സഭയിലെത്തുന്നത്. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍ എട്ടാം തവണയാണ് എം.എല്‍.എയായി നിയമസഭയില്‍ തന്റെ സാന്നിധ്യമറിയിക്കുന്നത്.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മിശ്രമായ പ്രാതിനിധ്യം കൊണ്ടും ശ്രദ്ധേയമാണ് പതിനാറാം നിയമസഭ. പ്രധാനപ്പെട്ട മൂന്ന് മുന്നണികള്‍ക്കും ശക്തമായ പ്രാതിനിധ്യമുള്ള സഭയില്‍ ആകെ 13 രാഷ്ട്രീയ പാര്‍ട്ടികളാണ് മാറ്റുരയ്ക്കുന്നത്. ചരിത്രത്തിലാദ്യമായി ബി.ജെ.പിക്ക് മൂന്ന് അംഗങ്ങള്‍ ഇത്തവണ നിയമസഭയിലുണ്ട്. കക്ഷിനില പരിശോധിക്കുമ്പോള്‍ കോണ്‍ഗ്രസിന് 63 അംഗങ്ങളും, സി.പി.ഐ.എമ്മിന് 26 അംഗങ്ങളും, മുസ്ലീം ലീഗിന് 22 അംഗങ്ങളുമുണ്ട്. സി.പി.ഐക്ക് എട്ട് അംഗങ്ങളും, കേരള കോണ്‍ഗ്രസിന് 7 അംഗങ്ങളും, ആര്‍.എസ്.പിക്ക് മൂന്ന് അംഗങ്ങളുമാണ് സഭയിലുള്ളത്. പുതിയ രാഷ്ട്രീയ സമവാക്യങ്ങളോടെയും പുതുമുഖങ്ങളുടെ കരുത്തോടെയും ഒത്തുചേരുന്ന ഈ നിയമസഭാ സമ്മേളനം ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്.




Share:

Search

Recent News
Popular News
Top Trending


Leave a Comment