News Kerala

മോഡലിങ്ങിന്റെ മറവില്‍ പീഡനം: പിടിയിലായ യുവതികള്‍ക്ക് അന്താരാഷ്ട്ര സെക്‌സ് റാക്കറ്റുകളുമായി ബന്ധമുണ്ടെന്ന് പൊലീസ്

Axenews | മോഡലിങ്ങിന്റെ മറവില്‍ പീഡനം: പിടിയിലായ യുവതികള്‍ക്ക് അന്താരാഷ്ട്ര സെക്‌സ് റാക്കറ്റുകളുമായി ബന്ധമുണ്ടെന്ന് പൊലീസ്

by webdesk2 on | 20-05-2026 08:02:46

Share: Share on WhatsApp Visits: 5


 മോഡലിങ്ങിന്റെ മറവില്‍ പീഡനം: പിടിയിലായ യുവതികള്‍ക്ക് അന്താരാഷ്ട്ര സെക്‌സ് റാക്കറ്റുകളുമായി ബന്ധമുണ്ടെന്ന് പൊലീസ്

കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ യുവതികളെ വിദേശത്തെത്തിച്ച് ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. അറസ്റ്റിലായ പ്രതികള്‍ക്ക് അന്താരാഷ്ട്ര സെക്‌സ് റാക്കറ്റുകളുമായും ലഹരി മാഫിയകളുമായും അടുത്ത ബന്ധമുണ്ടെന്ന് കൊച്ചി സിറ്റി ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. കേസില്‍ പിടിയിലായ മുഖ്യസൂത്രധാരിയും തിരുവനന്തപുരം പോങ്ങുവിള സ്വദേശിയുമായ മോഡല്‍ അലീന ഏബ്രഹാം, ഗുരുവായൂര്‍ സ്വദേശി ടോയ്‌സി സിന്ധു, പൊന്നാനി സ്വദേശി മഞ്ജിമ എന്നിവരുടെ അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചും ഇവര്‍ക്ക് ഗുണ്ടാസംഘങ്ങള്‍ നല്‍കിയ ഒത്താശകളെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഫാഷന്‍ ഷോകളില്‍ പങ്കെടുപ്പിക്കാനെന്ന വ്യാജേന പ്രമുഖ സെലിബ്രിറ്റികളെപ്പോലും ഉപയോഗിച്ച് പരസ്യം നല്‍കിയാണ് അലീന ഏബ്രഹാമിന്റെ നേതൃത്വത്തില്‍ യുവതികളെ വലയിലാക്കിയിരുന്നത്. തുടര്‍ന്ന് പ്രതിയായ സിന്ധു വഴിയാണ് പെണ്‍കുട്ടികളെ ദുബായിലേക്ക് കടത്തിയിരുന്നത്. ദുബായില്‍ എത്തിച്ച യുവതികള്‍ക്ക് അവിടെവെച്ച് സമാനതകളില്ലാത്ത ക്രൂരപീഡനങ്ങളാണ് നേരിടേണ്ടി വന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. പെണ്‍കുട്ടികള്‍ക്ക് ബലമായി മയക്കുമരുന്ന് നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം ലൈംഗിക പീഡനത്തിനിരയാക്കുകയും, ഇതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തുകയുമായിരുന്നു. ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പിന്നീട് പലര്‍ക്കും മുന്‍പില്‍ യുവതികളെ കാഴ്ചവെച്ചിരുന്നത്.

തിരിച്ചുവരാന്‍ ശ്രമിച്ച ഇരകളുടെ വീട്ടുകാരിലേക്ക് നഗ്‌നദൃശ്യങ്ങള്‍ അയച്ചുകൊടുക്കുമെന്നും കുട്ടികളെ കൊലപ്പെടുത്തുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ഇരയായ ഒരു യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. കേസില്‍ നേരിട്ട് പങ്കാളികളായ രണ്ടുപേരെക്കൂടി ഉടന്‍ തന്നെ വലയിലാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഇതിനിടെ, മുംബൈയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത സിന്ധുവിനെ കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. തുടര്‍ന്ന് അലീന, മഞ്ജിമ എന്നിവരുള്‍പ്പെടെ മൂന്നു പ്രതികളെയും ഒരുമിച്ച് കസ്റ്റഡിയില്‍ വാങ്ങി പീഡനം നടന്ന ദുബായിലെ കേന്ദ്രങ്ങളെക്കുറിച്ചും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച വന്‍സ്രാവുകളെക്കുറിച്ചും വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.




Share:

Search

Recent News
Popular News
Top Trending


Leave a Comment