News Kerala

കെ.സിയെ പിന്തുണച്ച് സണ്ണി ജോസഫ്; ടി.സിദ്ദിഖ്, സന്ദീപ് വാര്യര്‍ തുടങ്ങിയവരും ഒപ്പം; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

Axenews | കെ.സിയെ പിന്തുണച്ച് സണ്ണി ജോസഫ്; ടി.സിദ്ദിഖ്, സന്ദീപ് വാര്യര്‍ തുടങ്ങിയവരും ഒപ്പം; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

by webdesk2 on | 08-05-2026 10:41:59

Share: Share on WhatsApp Visits: 10


കെ.സിയെ പിന്തുണച്ച് സണ്ണി ജോസഫ്; ടി.സിദ്ദിഖ്, സന്ദീപ് വാര്യര്‍ തുടങ്ങിയവരും ഒപ്പം;  എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള എഐസിസി നിരീക്ഷകരുടെ റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കാനിരിക്കെ, എംഎല്‍എമാരുടെ പിന്തുണ സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പുറത്തുവിട്ട പട്ടിക പ്രകാരം കെ.സി. വേണുഗോപാലിന് നിയമസഭാ കക്ഷിയില്‍ വലിയ പിന്തുണയുണ്ടെന്നാണ് സൂചന. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ടി. സിദ്ദിഖ്, സന്ദീപ് വാര്യര്‍, അഡ്വ. സജീവ് ജോസഫ്, അഡ്വ. ടി. ഒ. മോഹനന്‍, ഉഷ വിജയന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ വേണുഗോപാലിനെ പിന്തുണയ്ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം, ഐ.സി. ബാലകൃഷ്ണന്‍ കെ.സി. വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയ സന്ദീപ് വാര്യര്‍, പാര്‍ട്ടിയില്‍ അഭിപ്രായം പറയുന്നത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്ന് വ്യക്തമാക്കി. നിരീക്ഷകരുടെ കൈവശമുള്ള പട്ടികയുടെ ചിത്രം പുറത്തുവന്നത് താന്‍ കണ്ടിട്ടില്ലെന്നും ആരെയാണ് പിന്തുണയ്ക്കുന്നത് എന്ന് പരസ്യമായി വെളിപ്പെടുത്താനില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണെന്നും എംഎല്‍എമാരുടെ അഭിപ്രായം മാനിച്ചാകും അന്തിമ തീരുമാനം എടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാരണാസിയില്‍ നരേന്ദ്ര മോദി കഷ്ടിച്ച് ജയിച്ചതുപോലെയാണ് ധര്‍മ്മടത്ത് പിണറായി വിജയന്‍ വിജയിച്ചതെന്നും അദ്ദേഹം പരിഹസിച്ചു.

മുന്നണിക്കുള്ളിലെ ഐക്യത്തെക്കുറിച്ചും സന്ദീപ് വാര്യര്‍ വാചാലനായി. മുസ്ലിം ലീഗിനോടും പാണക്കാട് കുടുംബത്തോടും കോണ്‍ഗ്രസിന് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാത്യു കുഴല്‍നാടന്‍ ലീഗിനെതിരെ നടത്തിയ പ്രസ്താവന പൂര്‍ണ്ണമായി കണ്ടിട്ടില്ലെന്നും മാധ്യമങ്ങള്‍ വാര്‍ത്തകള്‍ അറ്റവും മൂലയും മുറിച്ച് നല്‍കാറുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാര്‍ട്ടിയില്‍ ഫ്‌ലക്‌സ് ഉയര്‍ത്തുന്നതും പ്രകടനങ്ങള്‍ നടത്തുന്നതും ജനാധിപത്യത്തിന്റെ ഭാഗമാണെങ്കിലും അത് പരിധി ലംഘിക്കരുതെന്ന് അദ്ദേഹം അണികളോട് നിര്‍ദ്ദേശിച്ചു. എഐസിസി നിരീക്ഷകരുടെ ഔദ്യോഗിക റിപ്പോര്‍ട്ട് ഇന്ന് തന്നെ ഹൈക്കമാന്‍ഡിന് കൈമാറുന്നതോടെ മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.





Share:

Search

Recent News
Popular News
Top Trending


Leave a Comment