News Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള: സന്നിധാനത്ത് എസ്‌ഐടിയുടെ പരിശോധന ഇന്നും തുടരും

Axenews | ശബരിമല സ്വര്‍ണ്ണക്കൊള്ള: സന്നിധാനത്ത് എസ്‌ഐടിയുടെ പരിശോധന ഇന്നും തുടരും

by webdesk2 on | 21-01-2026 06:28:58 Last Updated by webdesk2

Share: Share on WhatsApp Visits: 8


ശബരിമല സ്വര്‍ണ്ണക്കൊള്ള: സന്നിധാനത്ത് എസ്‌ഐടിയുടെ പരിശോധന ഇന്നും തുടരും

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ ശേഖരിക്കാനായി പ്രത്യേക അന്വേഷണ സംഘം  ഇന്നും സന്നിധാനത്ത് പരിശോധന തുടരും. ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശപ്രകാരം എസ്.പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. പ്രധാനമായും സ്‌ട്രോങ്ങ് റൂമിലുള്ള പഴയ ശ്രീകോവില്‍ വാതില്‍, പ്രഭാമണ്ഡലം എന്നിവയുടെ അളവുകള്‍ രേഖപ്പെടുത്തുന്നതിനും സ്വര്‍ണ്ണത്തിന്റെ ഗുണനിലവാരം ശാസ്ത്രീയമായി പരിശോധിക്കുന്നതിനുമാണ് സംഘം മുന്‍ഗണന നല്‍കുന്നത്. നേരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍  നടത്തിയ പരിശോധനയില്‍ സ്വര്‍ണ്ണപ്പാളികളിലെ ശുദ്ധിയില്‍ കാര്യമായ കുറവുണ്ടെന്നും നിക്കല്‍ അടക്കമുള്ള ലോഹങ്ങള്‍ കലര്‍ന്നിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, മോഷണം പോയ സ്വര്‍ണ്ണത്തിന്റെ കൃത്യമായ അളവ് കണ്ടെത്താനാണ് ഇന്നത്തെ നീക്കം. കൊടിമരം മാറ്റിയതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും സംഘം വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ നടത്തിയ വ്യാപകമായ റെയ്ഡുകളുടെ തുടര്‍ച്ചയായ നീക്കങ്ങള്‍ ഇന്നുണ്ടാകും. കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായ എ. പത്മകുമാര്‍, എന്‍. വാസു എന്നിവരുള്‍പ്പെടെയുള്ളവരുടെ വസതികളിലും സ്ഥാപനങ്ങളിലും ഉള്‍പ്പെടെ കേരളത്തിനകത്തും പുറത്തുമായി 21 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. റെയ്ഡില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ രേഖകളും ബാങ്ക് ഇടപാടുകളും പരിശോധിച്ച ശേഷം കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ഇഡിയുടെ നീക്കം. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന സംശയത്തിലാണ് ഇഡി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment