News Kerala

തൃശ്ശൂരിലെ തീപിടുത്തം: വൈദ്യുതി ലൈനില്‍ നിന്നുണ്ടായ തീപ്പൊരിയാണ് അപകടകാരണമെന്ന വാദം തള്ളി റെയില്‍വേ

Axenews | തൃശ്ശൂരിലെ തീപിടുത്തം: വൈദ്യുതി ലൈനില്‍ നിന്നുണ്ടായ തീപ്പൊരിയാണ് അപകടകാരണമെന്ന വാദം തള്ളി റെയില്‍വേ

by webdesk2 on | 05-01-2026 09:49:21 Last Updated by webdesk2

Share: Share on WhatsApp Visits: 12


തൃശ്ശൂരിലെ തീപിടുത്തം: വൈദ്യുതി ലൈനില്‍ നിന്നുണ്ടായ തീപ്പൊരിയാണ് അപകടകാരണമെന്ന വാദം തള്ളി റെയില്‍വേ

തൃശ്ശൂര്‍: തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിംഗ് ഷെഡിലുണ്ടായ വന്‍ തീപിടുത്തത്തില്‍ വിശദീകരണവുമായി ദക്ഷിണ റെയില്‍വേ. അപകട കാരണം റെയില്‍വേയുടെ വൈദ്യുതി ലൈനില്‍ നിന്നുള്ള തീപ്പൊരിയല്ലെന്നും, മറിച്ച് പാര്‍ക്കിംഗ് കേന്ദ്രത്തിലെ ഒരു വാഹനത്തില്‍ നിന്നാണ് തീ പടര്‍ന്നതെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയെന്ന വാര്‍ത്തകളും റെയില്‍വേ തള്ളി.

റെയില്‍വേയുടെ ഓവര്‍ഹെഡ് വൈദ്യുതി ലൈനില്‍ നിന്ന് തീപ്പൊരി വീണാണ് അപകടമുണ്ടായതെന്ന പ്രാഥമിക നിഗമനങ്ങള്‍ റെയില്‍വേ തള്ളി. പാര്‍ക്ക് ചെയ്തിരുന്ന ഒരു ഇരുചക്ര വാഹനത്തില്‍ നിന്നുണ്ടായ തീ മറ്റ് വാഹനങ്ങളിലേക്ക് പടരുകയായിരുന്നു എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.  ചട്ടം ലംഘിച്ചുള്ള നിര്‍മ്മാണമാണെന്ന് കാട്ടി തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. അത്തരത്തിലുള്ള ഒരു നോട്ടീസും റെയില്‍വേയ്ക്ക് ലഭിച്ചിട്ടില്ല. കൂടാതെ, നിലവിലുള്ള നിയമങ്ങള്‍ പ്രകാരം  റെയില്‍വേ ഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ആവശ്യമില്ലെന്നും റെയില്‍വേ നിലപാടെടുത്തു.

പാര്‍ക്കിംഗ് കേന്ദ്രത്തില്‍ സിസിടിവി സംവിധാനം ഉണ്ടായിരുന്നു. എന്നാല്‍ തീപിടുത്തത്തില്‍ സിസിടിവി കണ്‍ട്രോള്‍ യൂണിറ്റും ഹാര്‍ഡ് ഡിസ്‌കും കത്തിനശിച്ചു. ഇവ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറന്‍സിക് സംഘത്തിന് കൈമാറിയിട്ടുണ്ട്. തീ പടര്‍ന്ന ഉടന്‍ തന്നെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന റെയില്‍വേയുടെ ടവര്‍ വാഗണ്‍ സുരക്ഷിതമായി മാറ്റി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി റെയില്‍വേ ഉദ്യോഗസ്ഥരും റെയില്‍വേ പോലീസും  ആര്‍പിഎഫും  ചേര്‍ന്ന് മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്നും റെയില്‍വേ അവകാശപ്പെട്ടു.

സംഭവത്തില്‍ സംസ്ഥാന പോലീസിന്റെ പ്രത്യേക സംഘവും റെയില്‍വേയുടെ ആഭ്യന്തര അന്വേഷണ സമിതിയും സമാന്തരമായി അന്വേഷണം നടത്തിവരികയാണ്. ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ തീപിടുത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെ ആറരയോടെയുണ്ടായ തീപിടുത്തത്തില്‍ അഞ്ഞൂറോളം ഇരുചക്ര വാഹനങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ കത്തിനശിച്ചിരുന്നു.






Share:

Search

Recent News
Popular News
Top Trending


Leave a Comment