News Kerala

പാര്‍ട്ടിക്ക് വിധേയനായി ശശി തരൂര്‍; നിയമസഭാ തിരഞ്ഞെടുപ്പില്‍ താരപ്രചാരകനാകും

Axenews | പാര്‍ട്ടിക്ക് വിധേയനായി ശശി തരൂര്‍; നിയമസഭാ തിരഞ്ഞെടുപ്പില്‍ താരപ്രചാരകനാകും

by webdesk2 on | 06-01-2026 06:43:10 Last Updated by webdesk3

Share: Share on WhatsApp Visits: 10


പാര്‍ട്ടിക്ക് വിധേയനായി ശശി തരൂര്‍; നിയമസഭാ തിരഞ്ഞെടുപ്പില്‍ താരപ്രചാരകനാകും

സുല്‍ത്താന്‍ബത്തേരി: കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വിധേയനായി മുതിര്‍ന്ന നേതാവും എംപിയുമായ ശശി തരൂര്‍. ബത്തേരിയില്‍ രണ്ടുദിവസങ്ങളിലായി നടന്ന സമ്മിറ്റില്‍ മുഴുവന്‍ സമയവും തരൂര്‍ പങ്കെടുത്തു. ചര്‍ച്ചകളിലും സജീവമായി. നിയമസഭാ തിരഞ്ഞെടുപ്പിലെ താരപ്രചാരകനായി തരൂര്‍ ഉണ്ടാകുമെന്ന് നേതൃത്വവും പറയുന്നു.

പാര്‍ട്ടിലൈനില്‍ നിന്ന് ഞാന്‍ എപ്പോഴാണ് മാറിയത്? എന്ന മറുചോദ്യവുമായാണ് തരൂര്‍ മാധ്യമപ്രവര്‍ത്തകരെ നേരിട്ടത്. 17 വര്‍ഷമായി പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കുന്ന തനിക്ക് പെട്ടെന്ന് ഒരു മാറ്റമുണ്ടാകേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിലെ തന്റെ പ്രസംഗങ്ങളും ചോദ്യങ്ങളും പരിശോധിച്ചാല്‍ പാര്‍ട്ടിയുമായുള്ള തന്റെ ആദര്‍ശപരമായ യോജിപ്പ് വ്യക്തമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്‍.കെ. അദ്വാനിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്തത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായുള്ള മര്യാദ മാത്രമാണെന്നും, പ്രധാനമന്ത്രി മോദിയെ പ്രകീര്‍ത്തിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. മാധ്യമങ്ങള്‍ തലക്കെട്ടുകള്‍ മാത്രം നോക്കി വിവാദമുണ്ടാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് തരൂര്‍ ഉന്നയിച്ചത്. കേരള മോഡല്‍ വികസനം ഇപ്പോള്‍ വെറും കടത്തിന്റെ മാതൃകയായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കളുടെ കുടിയേറ്റം തടയാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള പുതിയ കാഴ്ചപ്പാടുകള്‍ പാര്‍ട്ടി മുന്നോട്ട് വെക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, മുഖ്യമന്ത്രിയാകാന്‍ കഴിവുള്ള നിരവധി നേതാക്കള്‍ കോണ്‍ഗ്രസിലുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തിരഞ്ഞെടുപ്പിന് ശേഷം എംഎല്‍എമാരുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തരൂര്‍ പൂര്‍ണ്ണമായും പാര്‍ട്ടിലൈനിലേക്ക് മടങ്ങിവന്നതില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ സന്തോഷം പ്രകടിപ്പിച്ചു. തരൂര്‍ പാര്‍ട്ടിയുടെ വിലപ്പെട്ട നേതാവാണെന്നും അദ്ദേഹത്തിന്റെ ജനപ്രീതി വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വലിയ കരുത്താകുമെന്നും നേതൃത്വം വിലയിരുത്തുന്നു. തരൂരുമായി കേരളത്തിലെ കോണ്‍ഗ്രസിന് യാതൊരു പ്രശ്‌നവുമില്ലെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.


Share:

Search

Recent News
Popular News
Top Trending


Leave a Comment