News Kerala

നിയമസഭാ തിരഞ്ഞെടുപ്പ്: സീറ്റ് വിഭജന ചര്‍ച്ചകളിലേക്ക് കടക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്

Axenews | നിയമസഭാ തിരഞ്ഞെടുപ്പ്: സീറ്റ് വിഭജന ചര്‍ച്ചകളിലേക്ക് കടക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്

by webdesk2 on | 06-01-2026 06:33:23 Last Updated by webdesk3

Share: Share on WhatsApp Visits: 11


നിയമസഭാ തിരഞ്ഞെടുപ്പ്: സീറ്റ് വിഭജന ചര്‍ച്ചകളിലേക്ക് കടക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്

തിരുവനന്തപുരം: 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെ യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നു. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന ലക്ഷ്യം 2026 നേതൃസംഗമത്തിലെ തീരുമാനപ്രകാരം ജനുവരി 15-നകം സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് മുന്നണിയുടെ നീക്കം.

ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും. കഴിഞ്ഞ തവണ മത്സരിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യം മുസ്ലിം ലീഗ് ശക്തമാക്കാന്‍ സാധ്യതയുണ്ട്. ഇതിനു പുറമെ, വിജയസാധ്യത കണക്കിലെടുത്ത് ചില മണ്ഡലങ്ങള്‍ പരസ്പരം വെച്ചുമാറണമെന്ന് ആര്‍എസ്പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും ആവശ്യപ്പെടുന്നുണ്ട്. കോട്ടയം ജില്ലയിലെ സീറ്റുകളുടെ കാര്യത്തില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും തമ്മിലുള്ള ചര്‍ച്ചകളും നിര്‍ണ്ണായകമാകും.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായി എഐസിസി  നിയോഗിച്ച സ്‌ക്രീനിംഗ് കമ്മിറ്റി അധ്യക്ഷന്‍ മധുസൂദനന്‍ മിസ്ത്രി ഈ മാസം 12, 13 തീയതികളില്‍ കേരളത്തിലെത്തും. ഇതോടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുന്നതിനുള്ള നടപടികള്‍ക്ക് വേഗത കൂടും. സിറ്റിംഗ് എംഎല്‍എമാരുടെ പട്ടികയായിരിക്കും ആദ്യം പ്രഖ്യാപിക്കുക.

ഗ്രൂപ്പ് താല്പര്യങ്ങളേക്കാള്‍  വിജയസാധ്യത  മാത്രമായിരിക്കും ഇത്തവണത്തെ പ്രധാന മാനദണ്ഡമെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. ലഭ്യമായ വിവരങ്ങള്‍ പ്രകാരം, ചില മുതിര്‍ന്ന നേതാക്കള്‍ക്കും സിറ്റിംഗ് എംഎല്‍എമാര്‍ക്കും ഇത്തവണ സീറ്റ് ലഭിക്കാന്‍ സാധ്യതയില്ല. സുല്‍ത്താന്‍ ബത്തേരിയിലെ ഐ.സി. ബാലകൃഷ്ണന്‍, തൃപ്പൂണിത്തുറയിലെ കെ. ബാബു എന്നിവരുടെ കാര്യത്തില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്ന സൂചനകളുണ്ട്. മണ്ഡലങ്ങളിലെ ജനവികാരം പരിഗണിച്ച് പുതുമുഖങ്ങളെയും യുവാക്കളെയും രംഗത്തിറക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആലോചന.

യുഡിഎഫ് വെറും ഒരു തിരഞ്ഞെടുപ്പ് സഖ്യമല്ലെന്നും കേരളത്തില്‍ അധികാരം പിടിക്കാന്‍ പോകുന്ന മുന്നണിയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിന്റെ സഹായത്തോടെ ശാസ്ത്രീയമായ സര്‍വ്വേകള്‍ നടത്തിയാണ് യുഡിഎഫ് മുന്നോട്ട് നീങ്ങുന്നത്. നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ 100 സീറ്റുകള്‍ നേടുക എന്നതാണ് മുന്നണിയുടെ പ്രഖ്യാപിത ലക്ഷ്യം.


Share:

Search

Recent News
Popular News
Top Trending


Leave a Comment