News Kerala

മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

Axenews | മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

by webdesk2 on | 06-01-2026 03:06:59 Last Updated by webdesk2

Share: Share on WhatsApp Visits: 8


മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

കൊച്ചി: മുന്‍ മന്ത്രിയും മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ് (73) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ട് 3.40-ഓടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി അദ്ദേഹം വിശ്രമത്തിലായിരുന്നു.

1952 മെയ് 20-ന് എറണാകുളത്തെ കൊങ്ങോര്‍പ്പിള്ളിയില്‍ വി.യു. ഖാദറിന്റെയും ചിത്തുമ്മയുടെയും മകനായാണ് ജനനം. മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫിലൂടെ (MSF) രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം യൂത്ത് ലീഗ്, ജില്ലാ മുസ്ലിം ലീഗ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് പാര്‍ട്ടി നേതൃത്വത്തിലേക്ക് വളര്‍ന്നു. മുസ്ലിം ലീഗ് പ്രതിനിധിയായി നാല് തവണ തുടര്‍ച്ചയായി നിയമസഭയിലെത്തിയ അദ്ദേഹം രണ്ട് തവണ മന്ത്രിയായി സേവനമനുഷ്ഠിച്ചു. 2005-ല്‍ പി.കെ. കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലാണ് ഇബ്രാഹിംകുഞ്ഞ് ആദ്യമായി മന്ത്രിസഭയിലെത്തുന്നത്. സംസ്ഥാനത്തെ വ്യവസായ മേഖലയില്‍ പല പുതിയ പദ്ധതികള്‍ക്കും അദ്ദേഹം തുടക്കം കുറിച്ചു.

2011-ലെ യുഡിഎഫ് ഭരണകാലത്ത് പൊതുമരാമത്ത് മന്ത്രിയായും അദ്ദേഹം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു. ഐ.യു.എം.എല്‍ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം രാഷ്ട്രീയത്തിന് പുറമെ ഭരണപരമായ നിരവധി പദവികളും അലങ്കരിച്ചു. സിയാല്‍ (CIAL) ഡയറക്ടര്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (CUSAT) സിന്‍ഡിക്കേറ്റ് മെമ്പര്‍, ജിസിഡിഎ (GCDA), ജിഡ (GIDA) എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു.

ഭാര്യ: നദീറ. മൂന്ന് ആണ്‍മക്കളാണ് ഇദ്ദേഹത്തിനുള്ളത്. ഇബ്രാഹിംകുഞ്ഞിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തുടങ്ങിയ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. ഭൗതികദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കും.


Share:

Search

Recent News
Popular News
Top Trending


Leave a Comment