News Kerala

മറ്റത്തൂരിലെ കോണ്‍ഗ്രസ്-ബിജെപി സഖ്യം: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

Axenews | മറ്റത്തൂരിലെ കോണ്‍ഗ്രസ്-ബിജെപി സഖ്യം: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

by webdesk3 on | 28-12-2025 11:52:08 Last Updated by webdesk3

Share: Share on WhatsApp Visits: 64


 മറ്റത്തൂരിലെ കോണ്‍ഗ്രസ്-ബിജെപി സഖ്യം: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍


മറ്റത്തൂരിലെ കോണ്‍ഗ്രസ്-ബിജെപി സഖ്യത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. ഒറ്റച്ചാട്ടത്തില്‍ ബിജെപിയിലെത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച മുഴുവന്‍ അംഗങ്ങളും കൂറുമാറിയതായും, മരുന്നിനുപോലും ഒരാളെ ബാക്കിവെക്കാതെ ബിജെപി അവരെ അങ്ങേറ്റെടുത്തുവെന്നും അദ്ദേഹം പരിഹസിച്ചു.

മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് വിമര്‍ശനം. അരുണാചല്‍ പ്രദേശിലും ഗോവയിലും നടന്ന കൂറുമാറ്റങ്ങളുടെ കേരളാ മോഡലാണ് മറ്റത്തൂരിലുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ജനവിധിയെ അവഹേളിക്കുന്ന ഇത്തരം രാഷ്ട്രീയ നീക്കങ്ങള്‍ ജനാധിപത്യത്തിനും സംസ്ഥാനത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തിനും അപമാനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഫേസ്ബുക് കുറിപ്പ്


ഒറ്റച്ചാട്ടത്തിന് ബിജെപിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ടിയാണ് കോണ്‍ഗ്രസ്സ്. ആ ചാട്ടമാണ് തൃശൂര്‍ ജില്ലയിലെ മറ്റത്തൂരില്‍ കണ്ടത്. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവന്‍ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോണ്‍ഗ്രസംഗങ്ങള്‍ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ. മരുന്നിനുപോലും ഒരാളെ ബാക്കിവെക്കാതെ ബിജെപി അവരെ അങ്ങെടുത്തു. കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല ഇത്.

2016-ല്‍ അരുണാചല്‍ പ്രദേശില്‍ ആകെയുള്ള 44 കോണ്‍ഗ്രസ്സ് എംഎല്‍എമാരില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 43 പേരും ഒറ്റരാത്രികൊണ്ട് എന്‍ഡിഎയിലേക്ക് ചാടിയിരുന്നു. ഒരു എംഎല്‍എ പോലുമില്ലാതിരുന്ന പുതുച്ചേരിയില്‍ കോണ്‍ഗ്രസ്സ് അംഗങ്ങളെ ചാക്കിട്ട് 2021-ല്‍ ബിജെപി അധികാരം പിടിച്ചു. 2019-ല്‍ ഗോവയിലെ കോണ്‍ഗ്രസ്സ് ലെജിസ്ലേറ്റീവ് പാര്‍ടി ഒന്നടങ്കം ബിജെപിയില്‍ ലയിച്ചു. അതിന്റെയെല്ലാം കേരള മോഡല്‍ ആണ് മറ്റത്തൂരിലേത്. ആ പഞ്ചായത്തില്‍ എല്‍ ഡി എഫ് പ്രസിഡന്റ് വരുന്നത് തടയാനാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ ബിജെപിയോടൊപ്പം പോയത്. അതവര്‍ തുറന്നു പറയുന്നുമുണ്ട്.

ഇപ്പോള്‍ കോണ്‍ഗ്രസ്സില്‍ നില്‍ക്കുന്നവരും ഇരുട്ടിവെളുക്കുമ്പോഴേക്കും ബിജെപി ആകാന്‍ മടിക്കില്ല എന്നാണ് ഇവിടെ തെളിയുന്നത്. കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് മനസ്സാക്ഷിക്കുത്തില്ല. ബിജെപിയിലേക്ക് പോകണമെന്ന് തോന്നിയാല്‍ പോകും എന്ന കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ പ്രഖ്യാപനമാണ് മറ്റത്തൂരില്‍ അനുയായികള്‍ നടപ്പാക്കിയത്. സംസ്ഥാനത്ത് പലേടത്തും ബിജെപി - കോണ്‍ഗ്രസ്സ് അഡ്ജസ്റ്റ്‌മെന്റ് ഉണ്ട് എന്നത് തദ്ദേശ ഫലത്തില്‍ വ്യക്തമാണ്. അതവര്‍ ഒരുമടിയുമില്ലാതെ തുടരുകയാണ്. സ്വയം വില്‍ക്കാനുള്ള കോണ്‍ഗ്രസ്സിന്റെ ഈ സന്നദ്ധതയാണ് ബിജെപിയുടെ കേരള വ്യാമോഹങ്ങള്‍ക്ക് വളമിടുന്നത്.

എല്ലാ ജനവിഭാഗങ്ങളെയും പറ്റിച്ച് അധികാര രാഷ്ട്രീയം കളിക്കാനും സംഘപരിവാറിന് നിലമൊരുക്കാനുമുള്ള രാഷ്ട്രീയ അല്പത്തം സ്വാഭാവികവല്‍ക്കരിക്കാനും വ്യാപിപ്പിക്കാനുമുള്ള കോണ്‍ഗ്രസ്സിന്റെ കുടില തന്ത്രങ്ങള്‍ ഞങ്ങള്‍ നേരത്തെ തുറന്നു കാട്ടിയതാണ്. മറ്റത്തൂര്‍ മോഡല്‍ അതിന്റെ ഏറ്റവും ഒടുവിലത്തെ അധ്യായമാണ്.




Share:

Search

Recent News
Popular News
Top Trending


Leave a Comment