News Kerala

പാലായെ ഇനി ദിയ നയിക്കും; നഗരസഭാധ്യക്ഷയായി ചുമതലയേറ്റ് 21കാരി

Axenews | പാലായെ ഇനി ദിയ നയിക്കും; നഗരസഭാധ്യക്ഷയായി ചുമതലയേറ്റ് 21കാരി

by webdesk2 on | 26-12-2025 11:20:58

Share: Share on WhatsApp Visits: 3


പാലായെ ഇനി ദിയ നയിക്കും; നഗരസഭാധ്യക്ഷയായി ചുമതലയേറ്റ് 21കാരി

കോട്ടയം: പാലാ നഗരസഭയുടെ അധ്യക്ഷയായി 21-കാരിയായ ദിയ പുളിക്കക്കണ്ടം ചുമതലയേറ്റു. ഇതോടെ രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷ എന്ന നേട്ടവും ദിയ സ്വന്തമാക്കി. ഒരാഴ്ചയിലേറെ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലാണ് നഗരസഭ ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചത്.

കേവല ഭൂരിപക്ഷമില്ലാത്ത നഗരസഭയില്‍ സ്വതന്ത്രരായി വിജയിച്ച പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് അംഗങ്ങളുടെ നിലപാടാണ് ഭരണമാറ്റത്തില്‍ നിര്‍ണ്ണായകമായത്. ബിനു പുളിക്കക്കണ്ടം, സഹോദരന്‍ ബിജു പുളിക്കക്കണ്ടം, മകള്‍ ദിയ എന്നിവരാണ് കുടുംബത്തില്‍ നിന്നും കൗണ്‍സിലര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടത്. മുന്നണി പ്രവേശനത്തിന് മുന്നോടിയായി ഇവര്‍ വിളിച്ചുചേര്‍ത്ത ജനസഭയില്‍ ഭൂരിഭാഗം വോട്ടര്‍മാരും യുഡിഎഫിനെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് കുടുംബം കോണ്‍ഗ്രസ് നേതൃത്വവുമായി ധാരണയിലെത്തിയത്.

ആദ്യ ടേമില്‍ ദിയ പുളിക്കക്കണ്ടം ചെയര്‍പേഴ്‌സണാകും. തുടര്‍ന്നുള്ള രണ്ടര വര്‍ഷം യുഡിഎഫിനായിരിക്കും അധ്യക്ഷ പദവി. കോണ്‍ഗ്രസ് വിമതയായി ജയിച്ച മായാ രാഹുല്‍ നഗരസഭാ ഉപാധ്യക്ഷയാകും. പുളിക്കക്കണ്ടം കുടുംബം മുന്നോട്ടുവെച്ച വികസന ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് മൂന്ന് കൗണ്‍സിലര്‍മാരുടെയും പിന്തുണ യുഡിഎഫ് ഉറപ്പിച്ചത്.

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണിയുടെ തട്ടകമായ പാലായില്‍ ഭരണം നഷ്ടമായത് എല്‍ഡിഎഫിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ്. ബിനു പുളിക്കക്കണ്ടത്തെയും സംഘത്തെയും ഒപ്പം നിര്‍ത്താന്‍ മന്ത്രി വി.എന്‍ വാസവന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. ഇതിനുമുമ്പ് സിപിഎമ്മിന്റെ ഭാഗമായിരുന്ന ബിനു, കേരള കോണ്‍ഗ്രസ് എമ്മുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടതും ഇത്തവണ സ്വതന്ത്രനായി മത്സരിച്ചതും.

മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ ദിയ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിഞ്ഞുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് വ്യക്തമാക്കി. പാലാ നഗരസഭയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് കേരള കോണ്‍ഗ്രസ് എം പ്രതിപക്ഷ സ്ഥാനത്തിരിക്കുന്നത്.



Share:

Search

Recent News
Popular News
Top Trending


Leave a Comment