News Kerala

മേയറെ തിരഞ്ഞെടുത്തത് കെപിസിസി മാനദണ്ഡം പാലിക്കാതെ, മറുപടി പറയേണ്ടത് ഡിസിസി: ദീപ്തി മേരി വര്‍ഗീസ്

Axenews | മേയറെ തിരഞ്ഞെടുത്തത് കെപിസിസി മാനദണ്ഡം പാലിക്കാതെ, മറുപടി പറയേണ്ടത് ഡിസിസി: ദീപ്തി മേരി വര്‍ഗീസ്

by webdesk2 on | 24-12-2025 09:02:58

Share: Share on WhatsApp Visits: 7


മേയറെ തിരഞ്ഞെടുത്തത് കെപിസിസി മാനദണ്ഡം പാലിക്കാതെ, മറുപടി പറയേണ്ടത് ഡിസിസി: ദീപ്തി മേരി വര്‍ഗീസ്

കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കാത്തതില്‍ എറണാകുളം ഡിസിസി നേതൃത്വത്തിനെതിരെ പരസ്യമായ അതൃപ്തി പ്രകടിപ്പിച്ച് ദീപ്തി മേരി വര്‍ഗീസ്. കെപിസിസി നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മേയറെ തിരഞ്ഞെടുത്തതെന്നും, നടപടിക്രമങ്ങളില്‍ സുതാര്യത കുറവുണ്ടെന്നും ദീപ്തി ആരോപിച്ചു.

കെപിസിസി മുന്നോട്ടുവെച്ച കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മേയര്‍ സ്ഥാനത്തേക്ക് തീരുമാനമെടുത്തത്. ഇതിന് മറുപടി പറയേണ്ടത് നേതൃത്വം നല്‍കിയവരാണെന്ന് അവര്‍ വ്യക്തമാക്കി. കൗണ്‍സിലര്‍മാരുടെ അഭിപ്രായം തേടിയതില്‍ സുതാര്യതയില്ലായിരുന്നു. പിന്തുണയില്ലെന്ന വാദം ശരിയല്ലെന്നും, പലര്‍ക്കും സ്വതന്ത്രമായി അഭിപ്രായം പറയാന്‍ സാഹചര്യമുണ്ടായില്ലെന്നും ദീപ്തി കുറ്റപ്പെടുത്തി.

ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പേര് തന്റേതായിരുന്നു. എന്നാല്‍ മേയര്‍ സ്ഥാനം വീതം വയ്ക്കാനാണ് ഒടുവില്‍ തീരുമാനമുണ്ടായത്. താന്‍ രാഷ്ട്രീയത്തില്‍ വന്നത് സ്ത്രീ സംവരണത്തിലൂടെയല്ലെന്നും സ്ഥാനമാനങ്ങള്‍ മോഹിച്ചല്ലെന്നും ദീപ്തി കൂട്ടിച്ചേര്‍ത്തു. മേയര്‍ സ്ഥാനം ലഭിക്കാത്തതില്‍ വ്യക്തിപരമായി നിരാശയോ പരാതിയോ ഇല്ലെന്നും എന്നാല്‍ നടപടിക്രമങ്ങള്‍ പാലിക്കാത്തതിലാണ് വിയോജിപ്പെന്നും അവര്‍ പറഞ്ഞു. പുതിയ മേയര്‍മാര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.

വി.കെ മിനിമോളെ ആദ്യ രണ്ടര വര്‍ഷവും ഷൈനി മാത്യുവിനെ അടുത്ത രണ്ടര വര്‍ഷവും മേയറാക്കാനാണ് കോണ്‍ഗ്രസിലെ ധാരണ. ഇതിനെതിരെ പാര്‍ട്ടിയില്‍ തന്നെ ഒരു വിഭാഗം നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. കൂടാതെ, ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തെക്കുറിച്ച് ആലോചിച്ചില്ല എന്ന കാരണത്താല്‍ മുസ്ലിം ലീഗും നിലവില്‍ അതൃപ്തിയിലാണ്.

ദീപ്തി മേരി വര്‍ഗീസിന് പിന്തുണയുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ രംഗത്തെത്തി. രാഷ്ട്രീയത്തില്‍ ഒരാളെയും എന്നെന്നേക്കുമായി മാറ്റിനിര്‍ത്താനാവില്ലെന്നും ഒരു വാതില്‍ അടയുമ്പോള്‍ മറ്റു പല വാതിലുകളും തുറക്കപ്പെടുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. വിഷയത്തില്‍ അതൃപ്തി അറിയിച്ച് ദീപ്തി മേരി വര്‍ഗീസ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന് പരാതി നല്‍കിയിട്ടുണ്ട്. കൊച്ചി മേയര്‍ തിരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തര്‍ക്കം വരും ദിവസങ്ങളില്‍ യുഡിഎഫില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്നാണ് സൂചന.



Share:

Search

Recent News
Popular News
Top Trending


Leave a Comment