News Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം പുരാവസ്തു കടത്ത് സംഘത്തിലേക്ക്

Axenews | ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം പുരാവസ്തു കടത്ത് സംഘത്തിലേക്ക്

by webdesk3 on | 23-12-2025 09:17:30 Last Updated by webdesk3

Share: Share on WhatsApp Visits: 66


ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം പുരാവസ്തു കടത്ത് സംഘത്തിലേക്ക്



ശബരിമല സ്വര്‍ണക്കൊള്ള കേസിലെ അന്വേഷണം പുരാവസ്തു കടത്ത് സംഘത്തിലേക്കും വ്യാപിപ്പിച്ചു. കേസില്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷിക്കുന്ന ചെന്നൈ വ്യവസായി ഡി മണി എന്നറിയപ്പെടുന്ന വ്യക്തി പുരാവസ്തു കടത്ത് ശൃംഖലയുടെ ഭാഗമാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനായി നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്ന നിര്‍ണായക മൊഴിയും എസ്‌ഐടിക്ക് ലഭിച്ചിട്ടുണ്ട്.

2020 ഒക്ടോബര്‍ 26നാണ് വിഗ്രഹക്കടത്തുമായി ബന്ധപ്പെട്ട പണം കൈമാറിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഡി മണി പണവുമായി തിരുവനന്തപുരത്തെത്തിയിരുന്നുവെന്നും, ശബരിമലയുമായി ബന്ധമുള്ള ഒരു ഉന്നതനാണ് പണം കൈപ്പറ്റിയതെന്നുമാണ് മൊഴി. ഈ വിവരങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായി മാറുകയാണ്.

ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്യാനും, സ്മാര്‍ട്ട് ക്രിയേഷന്‍സുമായി ഉണ്ടായ ഇടപാടുകള്‍ വിശദമായി പരിശോധിക്കാനും എസ്‌ഐടി തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ തൊണ്ടിമുതല്‍ കണ്ടെത്താനുള്ള അന്വേഷണം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും യഥാര്‍ഥ തൊണ്ടിമുതല്‍ കണ്ടെത്താനാകാത്തത് അന്വേഷണ സംഘത്തിന് വലിയ തിരിച്ചടിയായി തുടരുകയാണ്.

തൊണ്ടിമുതലെന്ന പേരില്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നും 109 ഗ്രാം സ്വര്‍ണവും, ബെല്ലാരിയിലെ വ്യാപാരി ഗോവര്‍ധനില്‍ നിന്നും 475 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഇവ ശബരിമലയില്‍ നിന്നു കവര്‍ന്ന യഥാര്‍ഥ സ്വര്‍ണമല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തട്ടിയെടുത്തതായി കരുതുന്ന അളവിന് തുല്യമായ സ്വര്‍ണം പ്രതികള്‍ തന്നെ എസ്‌ഐടിക്ക് കൈമാറിയതാണെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.


Share:

Search

Recent News
Popular News
Top Trending


Leave a Comment