News Kerala

വാളയാര്‍ ആള്‍ക്കൂട്ടക്കൊല: അന്വേഷണത്തിന്റെ തുടക്കത്തില്‍ ഗുരുതര വീഴ്ചകളുണ്ടായെന്ന് കണ്ടെത്തല്‍

Axenews | വാളയാര്‍ ആള്‍ക്കൂട്ടക്കൊല: അന്വേഷണത്തിന്റെ തുടക്കത്തില്‍ ഗുരുതര വീഴ്ചകളുണ്ടായെന്ന് കണ്ടെത്തല്‍

by webdesk3 on | 23-12-2025 11:42:47

Share: Share on WhatsApp Visits: 14


 വാളയാര്‍ ആള്‍ക്കൂട്ടക്കൊല: അന്വേഷണത്തിന്റെ തുടക്കത്തില്‍ ഗുരുതര വീഴ്ചകളുണ്ടായെന്ന് കണ്ടെത്തല്‍


പാലക്കാട്: വാളയാര്‍ ആള്‍ക്കൂട്ടക്കൊല കേസില്‍ അന്വേഷണത്തിന്റെ ആദ്യദിവസങ്ങളില്‍ തന്നെ പൊലീസിന് ഗുരുതര വീഴ്ചകളുണ്ടായതായി കണ്ടെത്തല്‍. മര്‍ദ്ദനത്തില്‍ പങ്കെടുത്തവരില്‍ കൂടുതല്‍ പേരെ തുടക്കത്തില്‍ പിടികൂടാന്‍ പൊലീസിന് സാധിച്ചില്ല. സംഭവത്തിന് പിന്നാലെ തന്നെ പ്രതികളില്‍ ചിലര്‍ നാടുവിട്ടതായാണ് സംശയം.

സംഭവസ്ഥലത്ത് നിരവധി പേര്‍ മൊബൈല്‍ ഫോണുകളില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നുവെങ്കിലും, അവ ശേഖരിക്കാനും തെളിവായി സംരക്ഷിക്കാനും അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. ആദ്യ മണിക്കൂറുകളില്‍ ഉണ്ടായ അനാസ്ഥ തെളിവുകള്‍ ശേഖരിക്കുന്നതില്‍ വലിയ തിരിച്ചടിയുണ്ടാക്കിയതായാണ് വിലയിരുത്തല്‍. ദൃശ്യങ്ങള്‍ പകര്‍ത്തിയ ചില മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ചതായും സംശയമുണ്ട്.

കഴിഞ്ഞ ബുധനാഴ്ചയാണ് രാംനാരായണ്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. സംഭവദിവസം തന്നെ പ്രതികളെ പിടികൂടാനോ കസ്റ്റഡിയിലെടുക്കാനോ പൊലീസ് തയ്യാറായിരുന്നില്ല. പിന്നീട് ഏകദേശം 15 പേരെ കസ്റ്റഡിയിലെടുത്തെങ്കിലും അവരെ വിട്ടയക്കേണ്ട സാഹചര്യം ഉണ്ടായി. തുടര്‍ന്നാണ് കേസില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തത്.

അന്വേഷണം പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ഏറ്റെടുത്തതിന് ശേഷമാണ് തുടക്കത്തില്‍ പൊലീസിന് സംഭവിച്ച വീഴ്ചകള്‍ വ്യക്തമാകുന്നത്. കേസിലെ അന്വേഷണ നടപടികള്‍ കൂടുതല്‍ ശക്തമാക്കാനും, നഷ്ടപ്പെട്ട തെളിവുകള്‍ വീണ്ടെടുക്കാന്‍ കഴിയുമോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാനുമാണ് എസ്‌ഐടി തീരുമാനം.


Share:

Search

Recent News
Popular News
Top Trending


Leave a Comment