by webdesk2 on | 11-09-2025 08:14:41
ഒറെം, യൂട്ടാ: ഡോണള്‍ഡ് ട്രംപിന്റെ അനുയായിയും മാധ്യമപ്രവര്‍ത്തകനുമായ ചാര്‍ളി കെര്‍ക്ക് (31) വെടിയേറ്റ് കൊല്ലപ്പെട്ടു. യൂട്ടാ വാലി യൂണിവേഴ്‌സിറ്റിയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റതെന്ന് ടേണിങ് പോയിന്റ് യുഎസ്എ പബ്ലിക് റിലേഷന്‍സ് മാനേജര്‍ ഓബ്രി ലെയ്റ്റ്ഷ് അറിയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയത്തില്‍ ചാര്‍ളി കെര്‍ക്ക് നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
യൂട്ടാ വാലി യൂണിവേഴ്‌സിറ്റി കാമ്പസിലെ സോറന്‍സെന്‍ സെന്ററില്‍ പ്രസംഗിക്കുന്നതിനിടെയാണ് കിര്‍ക്കിന് വെടിയേറ്റത്. 'അമേരിക്കന്‍ തിരിച്ചുവരവ്', 'ഞാന്‍ തെറ്റാണെന്ന് തെളിയിക്കുക' എന്നീ ബാനറുകള്‍ ഉയര്‍ത്തി കിര്‍ക്ക് പ്രസംഗിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ കാണാം. തുടര്‍ന്ന് വെടിയൊച്ച മുഴങ്ങുന്നതും കിര്‍ക്ക് കഴുത്തിലേക്ക് കൈ എത്തിക്കുന്നതും വിഡിയോ ദൃശ്യങ്ങളിലുണ്ട്.
യുഎസിലെ യുവാക്കളുടെ ഹൃദയത്തെ ചാര്‍ലിയേക്കാള്‍ നന്നായി മനസിലാക്കാന്‍ മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ലെന്ന് ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. 'മഹാനായ ചാര്‍ലി കിര്‍ക്ക് മരിച്ചു. യുഎസിലെ യുവാക്കളുടെ ഹൃദയം ചാര്‍ളിയെക്കാള്‍ നന്നായി മറ്റാര്‍ക്കും മനസിലായിട്ടില്ല. എല്ലാവരും അദ്ദേഹത്തെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്തു, പ്രത്യേകിച്ച് ഞാന്‍. ഇപ്പോള്‍ അദ്ദേഹം നമ്മോടൊപ്പമില്ല. എന്റെ അനുശോചനം അദ്ദേഹത്തിന്റെ കുടുംബത്തെ അറിയിക്കുന്നു. ചാര്‍ലി, ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു' - ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
രാജ്യത്ത് ഉടനീളമുള്ള യുഎസ് പതാകകള്‍ ചാര്‍ലിയോട് ഉള്ള അനുശോചന സൂചകമായി പകുതി താഴ്ത്തിക്കെട്ടാന്‍ ട്രംപ് ഉത്തരവിട്ടതായി വൈറ്റ് ഹൗസ് അറിയിച്ചു. വെടിവച്ചയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇയാള്‍ അല്ല പ്രതിയെന്ന് പൊലീസ് അറിയിച്ചു.