by webdesk3 on | 11-09-2025 03:22:05 Last Updated by webdesk3
കൊച്ചി: കര്‍ശന നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് മാത്രമേ ആഗോള അയ്യപ്പ സംഗമം നടത്താവൂവെന്ന് ഹൈക്കോടതി. ശബരിമലയുടെ പവിത്രതയെ ബാധിക്കാത്ത വിധത്തിലാണ് പരിപാടി സംഘടിപ്പിക്കേണ്ടതെന്നും കോടതി നിര്‍ദ്ദേശിച്ചു.
സംഗമവുമായി ബന്ധപ്പെട്ട വരവും ചെലവും സംബന്ധിച്ച സുതാര്യമായ അക്കൗണ്ട് ദേവസ്വം ബോര്‍ഡ് സൂക്ഷിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വരവ്‌ചെലവുകളെക്കുറിച്ച് വ്യക്തമായ കണക്ക് വേണമെന്നും കോടതി നിര്‍ദേശിച്ചു. സംഗമത്തിന് എത്തുന്ന പ്രതിനിധികള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കാന്‍ പാടില്ലെന്നും സാധാരണഗതിയില്‍ ശബരിമലയില്‍ എത്തുന്ന വിശ്വാസികള്‍ക്ക് ലഭിക്കുന്നതുപോലെ മാത്രമേ പരിഗണന നല്‍കാവൂവെന്നും ഹൈക്കോടതി വ്യക്തമാക്കി. പുണ്യപൂങ്കാവനമായ ശബരിമലയുടെ പരിസ്ഥിതിക്ക് ആഘാതമുണ്ടാകാതെ പരിപാടി നടത്തണമെന്നും കോടതി വ്യക്തമാക്കി.
ദിവസങ്ങള്‍ക്ക് മുമ്പ് സംഗമത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ സര്‍ക്കാര്‍ നിലപാടിനെതിരെ ഹൈക്കോടതി കടുത്ത ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാരിന്റെ പങ്കെന്ത്?, ദേവസ്വം ബോര്‍ഡിനെ സഹായിക്കുകയാണോ?, സംഭാവനയായി സ്വീകരിക്കുന്ന പണം എങ്ങനെ ചെലവഴിക്കും?, കോര്‍പ്പറേറ്റ് സംഭാവനകള്‍ എങ്ങോട്ട് പോകും?, ശബരി റെയിലിനും ശബരിമല മാസ്റ്റര്‍ പ്ലാനിനും ഫണ്ട് മാറ്റുമോ?, ആരെയാണ് ക്ഷണിക്കുന്നത്?, ക്ഷണത്തിന്റെ മാനദണ്ഡം എന്താണ്? തുടങ്ങിയ ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്.