by webdesk2 on | 13-08-2025 07:46:18 Last Updated by webdesk2
കോതമംഗലത്ത് ഇരുപത്തിമൂന്നുകാരിയായ യുവതി ആത്മഹത്യ ചെയ്ത കേസില്‍ പ്രതി റമീസിന്റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും. യുവതിയുടെ സഹോദരന്‍, അമ്മ, ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവര്‍ എന്നിവരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. നിലവില്‍ റിമാന്‍ഡിലുള്ള റമീസിനെ കസ്റ്റഡിയില്‍ വാങ്ങി ആലുവയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
പെണ്‍കുട്ടി റമീസിന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്നവരെയും ചോദ്യം ചെയ്യും. റമീസുമായി പരിചയത്തിലായിരുന്ന യുവതിയെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. പൊലീസ് അന്വേഷണത്തില്‍ നിസാരവകുപ്പുകള്‍ മാത്രമാണ് ചുമത്തിയത് എന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപി ക്കും കത്തുനല്‍കിയിട്ടുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ മതതീവ്രവാദ ഭീകര സംഘടനകളുടെ പങ്കാളിത്തം ഉള്ളതായി സംശയിക്കുന്നതായി കുടുംബം വ്യക്തമാക്കി.
മകള്‍ കോളജില്‍ പഠിക്കുന്ന സമയം റമീസുമായി പരിചയത്തിലായെന്നും പിന്നീട് വിവാഹ വാഗ്ദാനത്തിന്റെ പേരില്‍ ശാരീരികമായ പീഡനം തടങ്കല്‍, മാനസിക സമ്മര്‍ദം എന്നിവയ്ക്ക് വിധേയയായെന്നും കത്തില്‍ കുടുംബം ചൂണ്ടിക്കാട്ടുന്നു. വിവാഹം കഴിക്കണമെങ്കില്‍ മതം മാറണം, മതം മാറിയ ശേഷം പ്രതിയുടെ കുടുംബവീട്ടില്‍ താമസിക്കണം എന്ന വ്യവസ്ഥ പെണ്‍കുട്ടിയുടെ മേല്‍ ചുമത്തി. പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പില്‍ മതം മാറ്റാന്‍ അവള റമീസിന്റെ ആലുവ പാനായിക്കുളത്തുള്ള വീട്ടില്‍ മുറിയില്‍ പൂട്ടിയിടുകയും അയാളും കുടുംബക്കാരും മറ്റ് പലരും ചേര്‍ന്ന് നിര്‍ബന്ധിക്കുകയും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയും ചെയ്തു എന്ന വിവരം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കുടുംബം കത്തില്‍ ചൂണ്ടിക്കാട്ടുന്നു.