by webdesk2 on | 13-08-2025 07:26:41 Last Updated by webdesk2
തൃശൂര്‍: വോട്ടര്‍പ്പട്ടിക ക്രമക്കേട് വിവാദങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരില്‍. തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് ട്രെയിനിലാണ് അദ്ദേഹം രാവിലെ ഒന്‍പതരയോടെ തൃശൂരിലെത്തുന്നത്. റെയില്‍വേ സ്റ്റേഷനില്‍ അദ്ദേഹത്തിന് ബിജെപി പ്രവര്‍ത്തകര്‍ വലിയ സ്വീകരണം നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുമുണ്ട്.
സുരേഷ് ഗോപിയുടെ തൃശ്ശൂരിലെ ഓഫീസിനു മുന്നിലെ ബോര്‍ഡില്‍ സിപിഐഎം പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ചതാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമാവുകയും ഇരുകൂട്ടരും ഏറ്റുമുട്ടുകയും ചെയ്തു. സംഘര്‍ഷത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കും ഒരു സിപിഐഎം പ്രവര്‍ത്തകനും പരുക്കേറ്റിരുന്നു.
ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബിജെപി നടത്തുന്ന പ്രതിഷേധ മാര്‍ച്ചില്‍ സുരേഷ് ഗോപി പങ്കുചേരും. കൂടാതെ, പരിക്കേറ്റ പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനും സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് നടക്കുന്ന മാര്‍ച്ചില്‍ പങ്കെടുക്കാനും അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്.
വോട്ടര്‍പ്പട്ടിക വിവാദത്തില്‍ യുഡിഎഫും എല്‍ഡിഎഫും ശക്തമായ പ്രതിഷേധമാണ് സുരേഷ് ഗോപിക്കെതിരെ ഉയര്‍ത്തുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ ഇതുവരെ അദ്ദേഹം പരസ്യമായി പ്രതികരിച്ചിട്ടില്ല.