by webdesk3 on | 12-08-2025 03:26:36 Last Updated by webdesk3
തെരഞ്ഞെടുപ്പ് കഴിഞ്ഞ് അതുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ കോടതിയില്‍ പോകാമെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും നിയമപരമായ നടപടികള്‍ സ്വീകരിക്കാതെ ഇപ്പോള്‍ മാധ്യമങ്ങളിലൂടെ മാത്രമാണ് ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന ഘട്ടത്തില്‍ പരാതികള്‍ ഉണ്ടെങ്കില്‍ അത് അറിയിക്കാന്‍ അവസരമുണ്ട്. വോട്ടെടുപ്പിനിടെ എല്ലാ സ്ഥാനാര്‍ത്ഥികളുടെയും ഏജന്റ്മാരും ബൂത്ത് ലെവല്‍ ഓഫീസര്‍മാരും ഉണ്ടാകും. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും പരാതികള്‍ ഉണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് കോടതിയില്‍ പോകാം. എന്നാല്‍, ഇത്തരം നടപടികള്‍ ഒന്നും സ്വീകരിക്കാതെ ഇപ്പോഴത്തെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ല, മുരളീധരന്‍ പറഞ്ഞു.
തൃശൂര്‍ തോല്‍വിക്ക് പിന്നാലെ അവിടുത്തെ ഡിസിസി പ്രസിഡന്റിനെ മാറ്റിയത് കോണ്‍ഗ്രസാണെന്നും, തന്നെ തോല്‍പ്പിച്ചത് കോണ്‍ഗ്രസുകാരാണെന്ന് കെ. മുരളീധരന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ആദ്യം പൂരം കലക്കല്‍ വിവാദം ഉയര്‍ത്തി, അതിന് വിലയില്ലെന്ന് കണ്ടപ്പോള്‍ പുതിയൊരു വിവാദം കൊണ്ടുവന്നിരിക്കുകയാണ്. ഇതിലൂടെ സുരേഷ് ഗോപിയുടെ എംപി സ്ഥാനം നഷ്ടപ്പെടില്ല, എന്നും വി. മുരളീധരന്‍ വ്യക്തമാക്കി.