by webdesk2 on | 12-08-2025 08:34:38 Last Updated by webdesk2
കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ ദുരൂഹമരണങ്ങളെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കി. പ്രദേശത്ത് കൂടുതല്‍ മൃതദേഹങ്ങള്‍ മറവുചെയ്തതായി സംശയിക്കുന്ന സ്ഥലങ്ങളില്‍ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ (GPR) പരിശോധന തുടങ്ങി. നേത്രാവതി നദിയുടെ സ്‌നാനഘട്ടത്തിന് സമീപമുള്ള 13-ാം നമ്പര്‍ സ്ഥലത്താണ് നിലവില്‍ പരിശോധന നടക്കുന്നത്. മുന്‍ തൊഴിലാളി കൂടുതല്‍ മൃതദേഹങ്ങള്‍ ഇവിടെയാണ് മറവുചെയ്തതെന്ന് മൊഴി നല്‍കിയിരുന്നു. ഈ സ്ഥലം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മണ്ണിട്ട് ഉയര്‍ത്തിയതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി ഡ്രോണ്‍ ഉപയോഗിച്ചുള്ള മാപ്പിങ് പൂര്‍ത്തിയാക്കുകയും സംഭവത്തിന് ദൃക്സാക്ഷികളായവരുടെ മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്. ധര്‍മസ്ഥല പഞ്ചായത്തില്‍ നിന്ന് ആവശ്യമായ രേഖകളും പ്രത്യേക അന്വേഷണ സംഘം (SIT) ശേഖരിച്ചു. ദേശീയ മനുഷ്യാവകാശ കമ്മീഷനും ഈ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിശോധനയാണ് ഇവിടെ നടക്കുക.
ഇതിനിടെ, ഒരു സ്ത്രീ ഉള്‍പ്പെടെ ആറുപേര്‍ ദുരൂഹമരണങ്ങളെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി. നേത്രാവതി സ്‌നാനഘട്ടിന് സമീപം ശുചീകരണ തൊഴിലാളി മൃതദേഹങ്ങള്‍ മറവുചെയ്യുന്നത് കണ്ടെന്നാണ് ഇവര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. മൃതദേഹം കുഴിച്ചിട്ട ശേഷം ശുചീകരണ തൊഴിലാളി വീട്ടിലെത്തി വെള്ളം കുടിക്കുകയും മൃതദേഹം മറവുചെയ്യാനുപയോഗിച്ച തൂമ്പ കഴുകുകയും ചെയ്തതായി സ്ത്രീ മൊഴി നല്‍കി. ഈ വെളിപ്പെടുത്തലുകള്‍ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.