by webdesk2 on | 11-08-2025 07:59:15 Last Updated by webdesk3
ഡെറാഡൂണ്‍: മേഘവിസ്‌ഫോടനം നാശംവിതച്ച ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ബെയ്‌ലി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ ദുരന്തബാധിത മേഖലകളിലേക്കുള്ള ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. ടെലിഫോണ്‍, വൈദ്യുതി ബന്ധങ്ങള്‍ പുനഃസ്ഥാപിച്ചതായി മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അറിയിച്ചു.
നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ രൂപീകരിച്ച പ്രത്യേക കമ്മിറ്റി ഇന്ന് ധരാലി സന്ദര്‍ശിക്കും. മിന്നല്‍ പ്രളയത്തില്‍ 35 കുടുംബങ്ങള്‍ക്ക് വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇതുവരെ 825-ലേറെ ആളുകളെ വ്യോമമാര്‍ഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ 15-20 അടി ഉയരത്തില്‍ കിടക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി. വലിയ യന്ത്രങ്ങള്‍ എത്തിക്കാന്‍ സാധിക്കാത്തതും മോശം കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കി. 700-ഓളം പേരെ ഇതിനോടകം പ്രശ്‌നബാധിത മേഖലകളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
ദുരന്തബാധിതരെ സന്ദര്‍ശിച്ച മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മൂന്നംഗ സമിതിയെയും സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയും ഇന്ന് സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും.