by webdesk2 on | 11-08-2025 07:44:24 Last Updated by webdesk3
കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിര്‍മാതാക്കള്‍ക്കിടയിലെ തര്‍ക്കം രൂക്ഷമാവുന്നു. തിരഞ്ഞെടുപ്പില്‍ പത്രിക തള്ളിയതിനെതിരെ നിര്‍മാതാവ് സാന്ദ്ര തോമസ് നല്‍കിയ ഹര്‍ജി ഇന്ന് എറണാകുളം സബ് കോടതി പരിഗണിക്കും.
പ്രധാന സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ മൂന്നിലേറെ സിനിമകള്‍ നിര്‍മ്മിക്കണമെന്ന ബൈലോയിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് സാന്ദ്രയുടെ പത്രിക തള്ളിയത്. എന്നാല്‍, താന്‍ മത്സരിക്കാന്‍ യോഗ്യയാണെന്നും, വരണാധികാരിയെ നിയമിച്ചത് ബൈലോയ്ക്ക് വിരുദ്ധമാണെന്നും സാന്ദ്ര ഹര്‍ജിയില്‍ പറയുന്നു.
അതേസമയം, നിര്‍മാതാക്കളായ സാന്ദ്ര തോമസും ലിസ്റ്റിന്‍ സ്റ്റീഫനും തമ്മിലുള്ള വാക്‌പോരിന് പിന്നാലെ, ബാനറിനെച്ചൊല്ലി സാന്ദ്രയും വിജയ് ബാബുവും തമ്മിലുള്ള തര്‍ക്കവും വാര്‍ത്തകളില്‍ നിറയുകയാണ്. സാന്ദ്ര തോമസ് കാണിക്കുന്നത് വെറും ഷോയാണ് എന്നായിരുന്നു ലിസ്റ്റിന്‍ സ്റ്റീഫന്റെ പ്രതികരണം. ഫ്രൈഡേ ഫിലിം പ്രൊഡക്ഷന്‍സുമായി സാന്ദ്രയ്ക്ക് കഴിഞ്ഞ 10 വര്‍ഷമായി യാതൊരു ബന്ധവുമില്ല എന്ന് വിജയ് ബാബു ആരോപിച്ചു. ഇതിന് വിജയ് ബാബുവിന്റെ സര്‍ട്ടിഫിക്കറ്റല്ല ബൈലോ എന്ന് സാന്ദ്ര മറുപടി നല്‍കി.
ഈ മാസം 14നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പ്.