by webdesk3 on | 10-08-2025 03:04:01 Last Updated by webdesk2
കര്‍ണാടകയിലെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ നിയമവകുപ്പിനോടാണ് അദ്ദേഹം അന്വേഷണം ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
ബംഗളൂരു സെന്‍ട്രല്‍ ലോക്‌സഭാ മണ്ഡലത്തെ കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ മാത്രം ഒരു ലക്ഷത്തിലധികം കള്ളവോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന്, തെളിവുകള്‍ സഹിതം, രാഹുല്‍ ഗാന്ധി പുറത്തുവിട്ടിരുന്നു. ഇരട്ടവോട്ടുകള്‍, വ്യാജ വിലാസം, ഒരേ വിലാസത്തില്‍ നിരവധി വോട്ടര്‍മാര്‍, അസാധുവായ ഫോട്ടോ, ഫോം 6 ദുരുപയോഗം തുടങ്ങി നിരവധി ക്രമക്കേടുകള്‍ നടന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ ആരോപണങ്ങളില്‍ അന്വേഷണം നടത്തി സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നേരിട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയെ സമീപിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം. നിയമപരമായ അടിസ്ഥാനവും നടപടിക്രമങ്ങളും പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ബന്ധപ്പെട്ട വകുപ്പിനോട് സര്‍ക്കാരിന്റെ നിര്‍ദ്ദേശം.