by webdesk3 on | 10-08-2025 12:43:12 Last Updated by webdesk2
കോട്ടയം: സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും സംസ്ഥാന മന്ത്രിസഭയുടെയും പ്രവര്‍ത്തനങ്ങളെതിരെ ശക്തമായ വിമര്‍ശനം. മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും, മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരുടെ അഭിപ്രായങ്ങള്‍ അവഗണിക്കപ്പെടുന്നുവെന്നുമാണ് വിമര്‍ശകരുടെ ആരോപണം.
സര്‍ക്കാരിന് ഇടതുപക്ഷ സ്വഭാവം നഷ്ടപ്പെട്ടുവെന്നും, സിപിഐ ഭരിക്കുന്ന നാല് വകുപ്പുകളും പരാജയപ്പെട്ടുവെന്നും, വിലക്കയറ്റം നിയന്ത്രിക്കാന്‍ ഭക്ഷ്യവകുപ്പ് പരാജയപ്പെട്ടുവെന്നും കുറ്റപ്പെടുത്തല്‍ ഉണ്ടായി. സിപിഐ നിയന്ത്രിക്കുന്ന വകുപ്പുകള്‍ക്ക് ധനവകുപ്പ് ആവശ്യമായ പണം നല്‍കാതെ പ്രവര്‍ത്തനത്തെ ശ്വാസംമുട്ടിക്കുന്നുവെന്നാരോപണവും ഉയര്‍ന്നു.
സിപിഐ സംസ്ഥാന നേതൃത്വം ദുര്‍ബലമായെന്നും, നിലപാടുകളില്‍ ഉറച്ചു നില്‍ക്കാന്‍ കഴിയുന്നില്ലെന്നും, സിപിഎമ്മും മുഖ്യമന്ത്രിയും സിപിഐ നേതൃത്വത്തെ ഗൗനിക്കുന്നില്ലെന്നുമാണ് വിമര്‍ശനം. ജനകീയ വിഷയങ്ങളില്‍ ഇടപെടുന്നതില്‍ സിപിഐ പിന്നോട്ടുപോകുകയാണെന്നും, എല്‍ഡിഎഫ് സര്‍ക്കാരിനോടുള്ള ജനങ്ങളുടെ എതിര്‍പ്പ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രകടമായതായും ചൂണ്ടിക്കാട്ടി.