by webdesk3 on | 10-08-2025 12:23:36 Last Updated by webdesk3
ഷോളയാര്‍-അട്ടപ്പാടി പ്രദേശത്ത് കാട്ടാനക്കൂട്ടത്തെ കാടുകളിലേക്ക് തിരിച്ചയക്കാനുള്ള വനംവകുപ്പ് റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ ശ്രമത്തിനിടെ കാട്ടാനാക്രമണം. കഴിഞ്ഞ ചില ദിവസങ്ങളായി ഈ പ്രദേശത്ത് സഞ്ചരിച്ചിരുന്ന കാട്ടാനക്കൂട്ടത്തെ പിന്തിരിപ്പിക്കാന്‍ നടത്തിയ നിരന്തര പ്രവര്‍ത്തനത്തിനിടെയാണ് സംഭവം ഉണ്ടായത്.
ഒരു ഒറ്റയാനാണ് സംഘത്തിന്റെ ജീപ്പിന് നേരെ പാഞ്ഞുകയറിയത്. ആക്രമണത്തില്‍ വാഹനത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും ഭാഗ്യവശാല്‍ സംഘാംഗങ്ങള്‍ക്ക് പരിക്കേല്‍ക്കാതെ രക്ഷപ്പെടാനായി.
ശേഷം ദീര്‍ഘനേരത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കാട്ടാനയെ കാടുകളിലേക്ക് തിരികെ തുരത്താന്‍ സാധിച്ചു.
ജനവാസ മേഖലകളിലേക്ക് കാട്ടാനകള്‍ ഇറങ്ങുന്നത് പതിവായ സാഹചര്യത്തില്‍, നാട്ടുകാര്‍ ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഈ പ്രദേശത്ത് വനംവകുപ്പിന്റെ കൂടുതല്‍ ശ്രദ്ധയും നടപടികളും ആവശ്യമാണ് എന്ന് അവര്‍ ആവശ്യപ്പെട്ടു.