by webdesk2 on | 10-08-2025 11:24:23 Last Updated by webdesk3
തിരുവനന്തപുരം: ഓണ്‍ലൈന്‍ മദ്യവില്‍പ്പന നിലവില്‍ സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. ഇത് സംബന്ധിച്ചുള്ള ശുപാര്‍ശ ബെവ്കോയുടെ ഭാഗത്തുനിന്ന് വന്നിട്ടുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇങ്ങനെയൊരു കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും എടുത്തു ചാടുന്ന തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. വരുമാന വര്‍ദ്ധനവിന് മറ്റുകാര്യങ്ങള്‍ ആലോചിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓണ്‍ലൈന്‍ മദ്യവില്‍പനയുടെ കാര്യത്തില്‍ പ്രൊപ്പോസല്‍ നേരത്തെയും എത്തിയിട്ടുണ്ട്. എന്നാല്‍ തല്‍ക്കാലം അത് പരിഗണിക്കേണ്ടതില്ല എന്നതായിരുന്നു തീരുമാനം. ചര്‍ച്ച ചെയ്താണ് ഒരു നയം ആവിഷ്‌കരിക്കുന്നത്. ക്യാബിനറ്റ് അംഗീകരിച്ച മദ്യ നയത്തിനകത്ത് നിന്നാണ് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതെന്നു മന്ത്രി പറഞ്ഞു. യാഥാസ്ഥിതിക സമീപനമാണ് ഇത്തരം കാര്യങ്ങളില്‍ കേരളം വെച്ചുപുലര്‍ത്തുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നവര്‍ തന്നെ ഇവിടെ പ്രതിഷേധം ഉയര്‍ത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ഓണ്‍ലൈന്‍ മദ്യ വില്‍പ്പനയ്ക്കുള്ള വിശദമായ ശുപാര്‍ശ ബെവ്‌കോ എംഡി ഹര്‍ഷിത അട്ടല്ലൂരി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. വരുമാന വദ്ധനവ് ലക്ഷ്യമിട്ടാണ് ബെവ്‌കോയുടെ പുതിയ നീക്കം. 2000 കോടി രൂപയുടെ വരമാന വര്‍ദ്ധനവാണ് ബെവ്‌കോ പ്രതീക്ഷിക്കുന്നത്. ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കായി ബെവ്‌കോ മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്. മദ്യവില്‍പനയ്ക്ക് സ്വിഗ്ഗിയടക്കമുള്ള ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്‌ഫോമുകള്‍ താത്പര്യം അറിയിച്ച് മുന്നോട്ടുവന്നിട്ടുണ്ടെന്നും ഹര്‍ഷിത അട്ടല്ലൂരി വ്യക്തമാക്കി.