by webdesk2 on | 10-08-2025 08:02:36 Last Updated by webdesk2
പത്തനംതിട്ട: അഴൂരില്‍ ലോട്ടറി ടിക്കറ്റിലെ നമ്പര്‍ മാറ്റി പണം തട്ടിയെടുത്തതായി പരാതി. ശാരീരിക അവശതകള്‍ ഉള്ള രാധാകൃഷ്ണനെന്ന ലോട്ടറി വ്യാപാരിയാണ് കബളിപ്പിക്കപ്പെട്ടത്. ഭാഗ്യക്കുറിയില്‍ രേഖപ്പെടുത്തിയിരുന്നതില്‍ 5 എന്ന അക്കം പെന്‍സില്‍ കൊണ്ട് 8 എന്ന് മാറ്റിയെഴുതിയായിരുന്നു തട്ടിപ്പ്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു തട്ടിപ്പ് നടന്നത്. 5000 രൂപയുടെ സമ്മാനം ലഭിച്ചുവെന്ന് അവകാശപ്പെട്ട് ഒരു യുവാവ് രാധാകൃഷ്ണനെ സമീപിച്ചു. BL 338764 എന്ന നമ്പറായിരുന്നു ഭാഗ്യകുറിയില്‍ രേഖപ്പെടുത്തിയിരുന്നത്. ഫലവുമായി ഒത്തു നോക്കിയപ്പോള്‍ 5000 രൂപ സമ്മാനം ഉള്ളതായി ബോധ്യപ്പെട്ടു. തുടര്‍ന്ന് പണം കടം വാങ്ങി യുവാവിന് സമ്മാന തുക നല്‍കി. പിന്നീട് ലോട്ടറിയുമായി ഏജന്‍സിയില്‍ എത്തിയപ്പോഴാണ് നമ്പര്‍ തിരുത്തി തന്നെ കബളിപ്പിച്ച വിവരം രാധാകൃഷ്ണന്‍ മനസ്സിലാക്കിയത്.
പത്തനംതിട്ട പൊലീസില്‍ രാധാകൃഷ്ണന്‍ പരാതി നല്‍കി. സമീപത്തെ കെട്ടിടത്തില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഇവ അന്വേഷണത്തിന് സഹായകമായില്ല. പക്ഷാഘാതത്തെ തുടര്‍ന്ന് കാലുകളുടെ ചലനശേഷി കുറഞ്ഞ രാധാകൃഷ്ണന്റെ ഏക വരുമാന മാര്‍ഗമാണ് ലോട്ടറി വില്‍പ്പന. പ്രതിയെ എത്രയും വേഗം പിടികൂടണം എന്നാണ് രാധാകൃഷ്ണന്റെ ആവശ്യം.