by webdesk2 on | 10-08-2025 07:42:57 Last Updated by webdesk2
തര്‍ക്കങ്ങള്‍ തുടരുന്നതിനാല്‍ കെപിസിസി പുനഃസംഘടന പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കില്ല. കെപിസിസി പുനഃസംഘടനയില്‍ നേതാക്കള്‍ തമ്മിലുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ തുടരുന്നു. പുനസംഘടന പട്ടിക ഇന്ന് പ്രഖ്യാപിക്കും എന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. അവസാന വട്ട കൂടിക്കാഴ്ചകള്‍ നടത്തി ഈയാഴ്ച തന്നെ പട്ടിക പ്രഖ്യാപിക്കാനാണ് നീക്കം.
ഡല്‍ഹിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം സംസ്ഥാനത്തെത്തിയ നേതാക്കള്‍ ഇപ്പോഴും ഇക്കാര്യത്തിലെ ചര്‍ച്ച തുടരുകയാണ്. ഡി.സി.സി പ്രസിഡന്റുമാരെ ചൊല്ലിയുള്ള തര്‍ക്കം ഇതുവരെ പരിഹരിച്ചിട്ടില്ല. അതിനിടെ ജംബോ പട്ടിക ചുരുക്കണം എന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശവും കെപിസിസിക്ക് വെല്ലുവിളിയാവുകയാണ്.
കെപിസിസി അധ്യക്ഷനെ മാറ്റുന്നതിനൊപ്പം സംസ്ഥാനത്തെ എല്ലാ ഡിസിസി അധ്യക്ഷന്മാരേയും മാറ്റാനായിരുന്നു ഹൈക്കമാന്റ് നിര്‍ദേശം. എന്നാല്‍ ഡിസിസി അധ്യക്ഷന്മാരെ മാറ്റുന്നതില്‍ നേതാക്കളില്‍ സമവായം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ജൂണ്‍മാസത്തില്‍ ആരംഭിച്ച അനൗദ്യോക ചര്‍ച്ചകളിലൊന്നും ഡിസിസി അധ്യക്ഷന്മാരുടെ മാറ്റത്തില്‍ തീരുമാനം ഉണ്ടാക്കാന്‍ പറ്റാതെ വന്നതോടെ ചര്‍ച്ച ഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു.