by webdesk3 on | 09-08-2025 10:05:22 Last Updated by webdesk2
യെമന്‍: യെമനില്‍ തടവില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ വിഷയത്തില്‍ തലാല്‍ അബ്ദുല്‍ മെഹദിയുടെ സഹോദരന്‍ അബ്ദുല്‍ ഫത്താ മെഹദി വീണ്ടും നിലപാട് കടുപ്പിച്ചു. വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ച് അദ്ദേഹം അറ്റോര്‍ണി ജനറലിനെ കണ്ടതായി ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി.
വധശിക്ഷ നീട്ടിവച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ലെന്നും, അതിനാല്‍ ഉടന്‍ തീയ്യതി നിശ്ചയിക്കണമെന്നും അബ്ദുല്‍ ഫത്താ മെഹദി കഴിഞ്ഞ ദിവസം പ്രോസിക്യൂട്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. അതില്‍ മധ്യസ്ഥ ശ്രമങ്ങളെയും ചര്‍ച്ചകളെയും താന്‍ പൂര്‍ണ്ണമായും തള്ളുന്നതായും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദായി മോചനത്തിനുള്ള സാധ്യതകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് തലാലിന്റെ സഹോദരന്‍ വീണ്ടും കടുത്ത നിലപാട് സ്വീകരിക്കുന്നത്.
2017 ജൂലൈ 25-ന്, യെമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ, സ്വന്തമായി ക്ലിനിക് ആരംഭിക്കാനുള്ള സഹായ വാഗ്ദാനവുമായി വന്ന തലാല്‍ അബ്ദുല്‍ മെഹദിയെ നിമിഷ പ്രിയ കൊലപ്പെടുത്തിയിരുന്നു. തന്റെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നിമിഷ പിന്നീട് സമ്മതിച്ചു. അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊല നടത്തിയത്. മൃതദേഹം വീടിന്റെ മേല്‍ക്കൂരയിലെ ജലസംഭരണിയില്‍ ഒളിപ്പിച്ച നിലയിലാണ് പിന്നീട് കണ്ടെത്തിയത്.