by webdesk3 on | 08-08-2025 02:48:18 Last Updated by webdesk3
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗത്തിലെ ഉപകരണം സംബന്ധിച്ച വിവാദത്തില്‍ പുതിയ വിശദീകരണവുമായി ഡോ. ഹാരിസ് ചിറക്കല്‍. തന്റെ മുറിയില്‍ നിന്ന് കണ്ടെത്തിയത് നേരത്തേ ഉണ്ടായിരുന്ന നെഫ്രോസ്‌കോപ്പ് ഉപകരണമാണ് എന്നും, കേടുപാട് വന്നതിനാല്‍ അത് റിപ്പയര്‍ ചെയ്യാന്‍ എറണാകുളത്തെ കമ്പനിയില്‍ അയച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പയര്‍ ചെലവ് കൂടുതലാണെന്ന് കമ്പനി അറിയിച്ചതിനെ തുടര്‍ന്ന് ഉപകരണം തിരികെ അയക്കാന്‍ ആവശ്യപ്പെട്ടതാണെന്നും, പിന്നീട് അത് തന്നെ മുറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നും ഹാരിസ് ചിറക്കല്‍ കെജിഎംസിടിഎ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അറിയിച്ചു.
എന്നാല്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പി.കെ. ജബ്ബാര്‍ നല്‍കിയ വിവരങ്ങള്‍ വിവാദം ഉണ്ടാക്കിയിരിക്കുകയാണ്. ആദ്യ പരിശോധനയില്‍ കണ്ടെത്താതിരുന്ന പെട്ടി, വീണ്ടും നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയതെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. പെട്ടിയില്‍ നിന്നും കണ്ടെത്തിയത് നെഫ്രോസ്‌കോപ്പിന്റെ ഭാഗങ്ങളാണെങ്കിലും, ബില്ലില്‍ മോസിലോസ്‌കോപ്പ് എന്നാണ് രേഖപ്പെടുത്തിയിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപകരണം പുതുതായി വാങ്ങിയതാണോ എന്ന കാര്യത്തില്‍ വ്യക്തത വേണമെന്നും പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടു.
യൂറോളജി വിഭാഗത്തില്‍ ഉപയോഗിച്ചിരുന്ന ഓസിലോസ്‌കോപ്പ് ഉപകരണത്തിന്റെ ഭാഗമായ മോസിലോസ്‌കോപ്പ് കാണാനില്ലെന്നാരോപണം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ആദ്യം ഉന്നയിച്ചത്. എന്നാല്‍ അത്തരത്തിലുള്ള ഉപകരണം കാണാതായിട്ടില്ലെന്നായിരുന്നു ഹാരിസ് ചിറക്കലിന്റെ നിലപാട്. ഇതിന് പിന്നാലെയാണ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ മുറിയില്‍ പരിശോധന നടന്നത്.