by webdesk3 on | 08-08-2025 12:57:47 Last Updated by webdesk2
തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ മേഖലയിലെ യാഥാര്‍ത്ഥ്യം തുറന്നുകാട്ടിയ ഡോ. ഹാരിസിനെതിരായി ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. ഹാരിസിനെ മോഷണക്കുറ്റം ചുമത്തി അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്ന് അദ്ദേഹം പറഞ്ഞു.
കേരളം ആദരിക്കുന്ന ഡോക്ടറെ വേട്ടയാടാനുള്ള നീക്കമാണ് നടക്കുന്നത്. ഡോ. ഹാരിസിന്റെ മേല്‍ ഒരു ചെറിയ കുറ്റാരോപണവും പ്രതിപക്ഷം സമ്മതിക്കില്ല. ആരോഗ്യകേരളം വെന്റിലേറ്ററില്‍ എന്ന മുന്നറിയിപ്പ് നല്‍കിയതിനാലാണ് അദ്ദേഹത്തിനെതിരെ പ്രതികാരം നടത്തുന്നത്. രോഗികള്‍ക്കായി ജീവിക്കുന്ന, ഒരിക്കല്‍ പോലും കൈക്കൂലി വാങ്ങാത്ത ഒരാളെ മോഷണക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നത് ലജ്ജാകരമാണ്, സതീശന്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി, ആരോഗ്യ മന്ത്രിയെ ഇത്തരത്തിലുള്ള ഹീനമായ നീക്കത്തില്‍ നിന്ന് പിന്തിരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്താസമ്മേളനത്തെ കുറിച്ചും സതീശന്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയും ഭരണഘടനാ മൂല്യങ്ങളും രാജ്യത്ത് ഗുരുതര ഭീഷണിയിലാണ് എന്നതിന് തെളിവാണ് രാഹുലിന്റെ വെളിപ്പെടുത്തലുകള്‍. വ്യാപകമായ അഴിമതി രാജ്യത്തുടനീളം നടക്കുന്നു. ഏകാധിപത്യ രാജ്യങ്ങളില്‍ മാത്രം കാണുന്ന രീതിയിലാണ് ഇപ്പോഴത്തെ ഭരണകൂടത്തിന്റെ പ്രവണത. നീതിപൂര്‍വമായ തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചാണ് നരേന്ദ്ര മോദി അധികാരത്തിലെത്തിയത്, അദ്ദേഹം ആരോപിച്ചു.