by webdesk3 on | 07-08-2025 03:12:25 Last Updated by webdesk2
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ നിന്ന് ഉപകരണങ്ങള്‍ കാണാതായ സംഭവവുമായി ബന്ധപ്പെട്ട കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കുന്നതിനായി കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഡോ. ഹാരിസ് ഹസന്‍. ഈ മാസം 4നാണ് അദ്ദേഹം അവധിയിലായത്. ജൂലൈ 29ന് നല്‍കിയ നോട്ടീസിന് മറുപടി നല്‍കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് ഹാരിസ് സമയം നീട്ടി അഭ്യര്‍ഥിച്ചത്.
നോട്ടീസിന് വിശദമായ മറുപടി നല്‍കുന്നതിന് വിദഗ്ധസമിതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യമാണ് എന്നതാണ് ഹാരിസിന്റെ നിലപാട്. ഇതിന് മറ്റൊരാള്‍ മുഖേന വിവരാവകാശ നിയമപ്രകാരം അപേക്ഷയും നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ലഭിച്ചശേഷം മാത്രമേ വിശദമായ വിശദീകരണം നല്‍കാനാകൂ എന്നാണ് ഡോക്ടര്‍ ഹാരിസ് പറയുന്നത്.
അതേസമയം, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഉപകരണങ്ങള്‍ കാണാതായ സംഭവത്തില്‍ ഇന്നും നാളെയും കോളേജില്‍ പരിശോധന നടത്തും. യൂറോളജി വിഭാഗത്തില്‍ നേരിട്ട് എത്തിയാണ് പരിശോധന. ഡോ. ഹാരിസില്‍ നിന്നും വിശദമായ മൊഴിയും രേഖപ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.