by webdesk3 on | 07-08-2025 12:27:21 Last Updated by webdesk2
ന്യൂഡല്‍ഹി: അമേരിക്കയുടെ ഇരട്ടി തീരുവ നടപടിയുടെ പശ്ചാത്തലത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി പരോക്ഷ പ്രതികരണവുമായി രംഗത്ത്. ഡല്‍ഹിയില്‍ നടന്ന എം.എസ്. സ്വാമിനാഥന്‍ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തിന്റെ താത്പര്യങ്ങളില്‍ വിട്ടുവീഴ്ചക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
കര്‍ഷകര്‍, മത്സ്യതൊഴിലാളികള്‍, ക്ഷീരകര്‍ഷകര്‍ എന്നിവരുടെ താത്പര്യങ്ങളില്‍ വിട്ടുവീഴ്ചക്കില്ല. കര്‍ഷകര്‍ക്കാണ് മുന്‍ഗണന മോദി വ്യക്തമാക്കി.
അമേരിക്കയുടെ ഇരട്ട തീരുവ നടപടിയെ നേരിട്ട് പരാമര്‍ശിച്ചില്ലെങ്കിലും പ്രധാനമന്ത്രിയുടെ അതിനുള്ള മറുപടിയായിരുന്നു.. രാജ്യത്തിന്റെയും ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ നിന്ന് പിന്നോട്ടു പോകില്ലെന്ന സന്ദേശം തന്നെയായിരുന്നു അദ്ദേഹം നല്‍കിയത്.
ഇന്നലെയാണ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ വീണ്ടും അമേരിക്ക വര്‍ദ്ധിപ്പിച്ചത്. പുതിയതായി 25 ശതമാനം തീരുവ കൂടി ചുമത്താനാണ് അമേരിക്കന്‍ ഭരണകൂടം തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്നലെ ഒപ്പുവച്ചു. ഇത് മുന്‍പ് നിലവിലുണ്ടായിരുന്ന 25 ശതമാനം തീരുവയ്ക്കു പുറമേയാണ്, പുതിയ തീരുവ വരുത്തിയിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ ഉല്‍പ്പന്നങ്ങള്‍ക്കെതിരായ ആകെ തീരുവ 50 ശതമാനമായി.