by webdesk2 on | 07-08-2025 08:25:24
അശ്ലീല ചിത്രത്തിലൂടെ പണം സമ്പാദിച്ചെന്ന പരാതിയിലെടുത്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാന്‍ നടി ശ്വേതാ മേനോന്‍. അമ്മ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കേ ഉയര്‍ന്ന പരാതിയും കേസും ഗൂഢ ലക്ഷ്യത്തോടെയാണെന്നാണ് ശ്വേതയുടെ വാദം.
എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശപ്രകാരം സെന്‍ട്രല്‍ പൊലീസ് ആണ് ശ്വേതയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് എടുത്ത കേസില്‍ ശ്വേതാ മേനോനെതിരെ അനാശാസ്യം തടയല്‍ നിയമപ്രകാരവും ഐടി നിയമപ്രകാരവുമാണ് കേസെടുത്തത്.
പൊതു പ്രവര്‍ത്തകനായ മാര്‍ട്ടിന്‍ മേനാച്ചേരിയാണ് പരാതിക്കാരന്‍. ശ്വേതാ മേനോന്‍ നേരത്തെ അഭിനയിച്ച ചിത്രങ്ങളില്‍ എല്ലാം രംഗങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി. സെന്‍സര്‍ ചെയ്ത് ഇറങ്ങിയ രതിനിര്‍വേദം, പാലേരി മാണിക്യം, ശ്വേത നേരത്തെ അഭിനയിച്ച ഗര്‍ഭനിരോധന ഉറയുടെ പരസ്യം, പ്രസവം ചിത്രീകരിച്ച കളിമണ്ണ് എന്നിങ്ങനെയുള്ള സിനിമയുടെ നീണ്ടനിരയാണ് പരാതിയിലുള്ളത്.