by webdesk3 on | 04-08-2025 12:14:53 Last Updated by webdesk2
പത്തനംതിട്ട: എയ്ഡഡ് സ്‌കൂളിലെ അധ്യാപികയായ ഭാര്യയ്ക്ക് 14 വര്‍ഷമായി ശമ്പളം ലഭിക്കാത്തതില്‍ മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. പത്തനംതിട്ട നാറാണംമുഴിയില്‍ ആണ് ദാരുണമായ സംഭവം. നാറാണംമുഴി സ്വദേശി ഷിജോ ത്യാഗരാജനാണ് ജീവനൊടുക്കിയത്.
ഷിജോയുടെ ഭാര്യ നാറാണംമുഴി സെന്റ് ജോസഫ് എയ്ഡഡ് സ്‌കൂളിലെ അധ്യാപികയാണ്. കഴിഞ്ഞ 14 വര്‍ഷമായി ശമ്പളം ലഭിച്ചിട്ടില്ല. ഹൈക്കോടതി ശമ്പളം നല്‍കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും പിന്നീട് ഡിഇഒ ഓഫീസില്‍ നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. വിദ്യാഭ്യാസമന്ത്രി വിഷയത്തില്‍ ഇടപെട്ടിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടിയെടുക്കാന്‍ തയ്യാറായില്ലെന്ന് കുടുംബം ആരോപിച്ചു.
മകന്റെ എന്‍ജിനിയറിങ് പ്രവേശനത്തിനുള്ള പണം കണ്ടെത്താന്‍ ഷിജോ ആത്മാര്‍ത്ഥമായി ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. അപ്പോള്‍ തന്റെ ഭാര്യക്ക് ലഭിക്കേണ്ട ശമ്പളം കിട്ടിയാല്‍ രക്ഷപ്പെടാമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അതും നഷ്ടമായതോടെ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് കുടുംബം വ്യക്തമാക്കി.