by webdesk2 on | 02-08-2025 09:16:11 Last Updated by webdesk3
അന്തരിച്ച പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ പ്രൊഫ. എംകെ സാനുവിന്റെ സംസ്‌കാരം നാളെ. രവിപുരം ശ്മശാനത്തില്‍ നാളെ വൈകിട്ട് അഞ്ച് മണിക്ക് സംസ്‌കാരം നടക്കും. ഇന്ന് രാത്രി 9 വരെ അമൃത ആശുപത്രിയില്‍ പൊതുദര്‍ശനം ഉണ്ടാകും.
സാനു മാഷിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് സാമൂഹിക രാഷ്ട്രീയ സാഹിത്യ മേഖലകളിലെ പ്രമുഖര്‍. തന്റെ സാമൂഹിക പ്രവര്‍ത്തനങ്ങളും പ്രഭാഷണങ്ങളും രചനകളും കൊണ്ട് കേരള ചരിത്രത്തെയും വര്‍ത്തമാന കേരള സമൂഹത്തെയും സമ്പന്നമാക്കിയ ഒരു ജീവിതത്തിനാണ് തിരശീല വീണിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
ഗുരുതുല്യനായ അതുല്യപ്രതിഭയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും അനുസ്മരണ കുറിപ്പില്‍ പറഞ്ഞു.നാടിനെ ബാധിക്കുന്ന ഏത് വിഷയത്തിലും ഇടപെടുന്നയാളായിരുന്നു പ്രൊ. എംകെ സാനുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി അനുശോചിച്ചു.
എം കെ സാനുവിന്റെ വിയോഗം അപരിഹാര്യമായ നഷ്ടമെന്ന് ടി പത്മനാഭന്‍. ഭാഷയുടെ ശക്തിഗോപുരമാണ് ഇടിഞ്ഞുവീണതെന്നും ഇനി അതുപോലൊരു ഗോപുരം ഉണ്ടാകില്ലെന്നും ടി പത്മനാഭന്‍ പറഞ്ഞു. പ്രിയ ഗുരു സാനുമാഷിന് ആദരാഞ്ജലികളെന്ന് നടന്‍ മമ്മൂട്ടി സമൂഹ മാധ്യമത്തില്‍ കുറിച്ചു. സാഹിത്യം, വിദ്യാഭ്യാസം, രാഷ്ട്രീയം എന്നീ മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രൊ. എംകെ സാനുവിന്റെ വേര്‍പാട് കേരളത്തിന് വലിയ നഷ്ടമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.
ഇന്ന് വൈകുന്നേരമാണ് മരണം സംഭവിച്ചത്. ന്യൂമോണിയ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. വ്യാഴാഴ്ച രാത്രി വീട്ടില്‍ വെച്ച് വീണ് ഇടുപ്പെല്ലിന് പരുക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പിന്നീട് ആരോഗ്യനില വഷളാവുകയിരുന്നു.