News Kerala

കലാഭവന്‍ നവാസിന്റെ ഖബറടക്കം ഇന്ന്; ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ പൊതുദര്‍ശനം

Axenews | കലാഭവന്‍ നവാസിന്റെ ഖബറടക്കം ഇന്ന്; ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ പൊതുദര്‍ശനം

by webdesk2 on | 02-08-2025 07:41:37 Last Updated by webdesk3

Share: Share on WhatsApp Visits: 6


കലാഭവന്‍ നവാസിന്റെ ഖബറടക്കം ഇന്ന്; ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍  പൊതുദര്‍ശനം



കൊച്ചി: അന്തരിച്ച ചലച്ചിത്രതാരം കലാഭവന്‍ നവാസിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. രാവിലെ എട്ടരയോടെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കും. പത്തരയോടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വസതിയിലേക്ക് കൊണ്ടുപോകും. ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ വൈകുന്നേരം 4 മണി മുതല്‍ അഞ്ചര വരെയുള്ള പൊതുദര്‍ശനത്തിന് ശേഷമാണ് ഖബറടക്കം. 

ഒരു ഇടവേളക്ക് ശേഷം അദ്ദേഹം സിനിമയില്‍ വീണ്ടും സജീവമാകുന്നതിനിടെയാണ് താരത്തിന്റെ അപ്രതീക്ഷിത വിയോഗം. ഇന്നലെ രാത്രിയാണ് ചോറ്റാനിക്കരയിലെ ഷൂട്ടിങ്് സെറ്റില്‍ നിന്ന് ഹോട്ടല്‍ മുറിയില്‍ എത്തിയ നവാസിനെ മരിച്ച നിലയില്‍ കാണുന്നത്. ഹോട്ടല്‍ മുറിയില്‍ നിന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ഹോട്ടല്‍ മുറിയില്‍ ചെക്ക്ഔട്ട് വൈകിയതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രകമ്പനം സിനിമയുടെ ചിത്രീകരണത്തിന് ശേഷം ഹോട്ടലില്‍ മടങ്ങിയെത്തിയപ്പോഴാണ് നവാസിന്റെ വിയോ?ഗം. ഇന്നും നാളെയും തന്റെ ഷൂട്ടിംഗ് ഇല്ലാത്തതിനാല്‍ വീട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു നവാസ്. 

കലാഭവനിലൂടെ മിമിക്രി രംഗത്തേക്ക് കടന്നുവന്ന നവാസ്, വൈകാതെ നടനും ഗായനുമെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരുകാലത്ത് സ്‌പോട്ട് കോമഡിയിലൂടെ സ്റ്റേജ് ഷോകളെ ഇളക്കിമറിച്ചും നവാസ് കയ്യടി നേടി. കൂട്ടുകാരൊത്തുള്ള ഉല്ലാസവേളയില്‍ ശബ്ദാനുകരണം നടത്തിയാണ് തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി സ്വദേശിയായ നവാസ് മിമിക്രി ലോകത്തേക്ക് കടന്നുവന്നത്. നാട്ടിലെ യുവജനമേളയില്‍ മിമിക്രിയില്‍ സ്ഥിരം ഒന്നാംസ്ഥാനം നേടിയിരുന്നയാളെ, നടി ഫിലോമിനയുടെ ശബ്ദം അനുകരിച്ച് രണ്ടാം സ്ഥാനത്താക്കി നവാസ് ചിരിമുറ്റത്ത് ഇരിപ്പുറപ്പിച്ചു.

1997ല്‍ ഇറങ്ങിയ ജൂനിയര്‍ മാന്‍ഡ്രേക്കിലൂടെ മുന്‍നിര ഹാസ്യതാരമായി വളര്‍ന്നു. അമ്മ അമ്മായി അമ്മ, മാട്ടുപ്പെട്ടി മച്ചാന്‍ എന്നീ സിനിമകളിലൂടെ ഹാസ്യനടന്‍ എന്ന നിലയിലെ നിറസാന്നിധ്യം ഉറപ്പിച്ചു. 1999ലാണ് നവാസിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് റിലീസുകള്‍. ചന്ദാമാമയും മൈ ഡിയര്‍ കരടിയും. രണ്ടും മലയാളി പ്രേക്ഷകര്‍ നെഞ്ചേറ്റി. പിന്നീടങ്ങോട്ട് വണ്‍മാന്‍ ഷോ, വെട്ടം, ചക്കരമുത്ത്, ചട്ടമ്പിനാട് എന്നിങ്ങനെ ഹിറ്റുകളുടെ ചിരിപ്പടക്കം. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയത് ഡിക്റ്റക്റ്റീവ് ഉജ്ജ്വലന്‍. നീലാകാശം നിറയെ എന്ന ചിത്രത്തിലൂടെ ആണ് കലാഭവന്‍ നവാസ് ആദ്യമായി നായകനായി വേഷമിടുന്നത്.

കേളി, വാത്സല്യം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ നടന്‍ അബൂബക്കറാണ് നവാസിന്റെ പിതാവ്. നടി രഹ്നയാണ് ഭാര്യ. നിയാസ് ബക്കറും നിസാമുദ്ദീനുമാണ് സഹോദരങ്ങള്‍. നിയാസ് ബക്കര്‍ സിനിമാ, സീരിയല്‍ രംഗത്ത് സജീവമാണ്. 






Share:

Search

Recent News
Popular News
Top Trending


Leave a Comment