by webdesk3 on | 01-08-2025 12:35:54 Last Updated by webdesk2
കൊച്ചി: റാപ്പര്‍ വേടനെതിരെയുള്ള ബലാത്സംഗ കേസില്‍ വിശദമായ തെളിവുശേഖരണത്തിന് പൊലീസ്. പരാതിക്കാരിയുടെ മൊഴിയില്‍ പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കുന്നതിനൊപ്പം സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തും. തുടര്‍ന്നാകും വേടനെ അറസ്റ്റ് ചെയ്യുന്നതടക്കമുളള നടപടികളിലേക്ക് കടക്കുക.
പരാതിക്കാരി മജിസ്ട്രേറ്റ് കോടതിക്ക് മുമ്പാകെ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ലഭിച്ചശേഷമാകും വേടനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുക. ഇന്‍ഫോപാര്‍ക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ അന്വേഷണ ചുമതല. തൃക്കാക്കര എസിപി അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കും. ജാമ്യമില്ല വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. മുന്‍കൂര്‍ ജാമ്യത്തിനായി വേടന്‍ നീക്കം ആരംഭിച്ചു.
2021 ഓഗസ്റ്റ് ഒന്നിനും 2023 മാര്‍ച്ച് 31നും ഇടയില്‍ പലതവണകളായി വേടന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ മൊഴി. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്തു എന്നായിരുന്നു പരാതി. പലപ്പോഴായി വേടന്‍ മുപ്പതിനായിരം രൂപ കൈമാറിയിട്ടുണ്ടെന്നാണ് യുവതിയുടെ മൊഴി. ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങളും പരാതിക്കൊപ്പം യുവതി നല്‍കിയിരുന്നു. അതേസമയം, പരാതിക്കാരുമായുള്ള വേടന്റെ സാമ്പത്തിക ഇടപാട് പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്.