by webdesk3 on | 31-07-2025 12:01:51 Last Updated by webdesk3
ന്യൂഡല്‍ഹി: 2008-ല്‍ മഹാരാഷ്ട്രയിലെ മലേഗാവില്‍ നടന്ന സ്ഫോടനക്കേസില്‍ അഞ്ച് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉള്‍പ്പെടെയുള്ള ഏഴ് പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. ബിജെപി എംപി പ്രഗ്യാ സിങ് താക്കൂര്‍ ഉള്‍പ്പെടെയുള്ള പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. കേസില്‍ ഗൂഢാലോചനയുടെയോ സ്‌ഫോടനവുമായി നേരിട്ട് ബന്ധമോ തെളിയിക്കാന്‍ സാധിച്ചില്ലെന്നു കോടതി വ്യക്തമാക്കി.
പ്രത്യേക എന്‍ഐഎ കോടതി ജഡ്ജിയായ എ.കെ. ലഹോട്ടിയാണ് ഈ നിര്‍ണായക വിധി പ്രസ്താവിച്ചത്. പതിനേഴ് വര്‍ഷത്തെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഈ വിധി. ഗൂഢാലോചനയുടെ തെളിവുകള്‍ ഇല്ലെന്നും, പ്രതികളായ ലെഫ്. കേണല്‍ പ്രസാദ് പുരോഹിത്, റിട്ട. മേജര്‍ രമേഷ് ഉപാധ്യായ, അജയ് റാഹിര്‍കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുല്‍ക്കര്‍ണി എന്നിവര്‍ക്കെതിരായ പ്രധാന കുറ്റങ്ങള്‍ നിലനില്‍ക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
2008 സെപ്റ്റംബര്‍ 29-ന് മലേഗാവിലെ ഒരു പള്ളിക്കു സമീപം ബൈക്കില്‍ വച്ച സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചതാണ് കേസിനാസ്പദം. ആറു പേരാണ് മരിച്ചത്; നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനം റംസാന്‍ മാസത്തില്‍ ആസൂത്രണം ചെയ്തതെന്നും, മതവിഭജനത്തിനും വര്‍ഗീയ സംഘര്‍ഷത്തിനുമായി പദ്ധതി തയ്യാറാക്കിയതായും എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
2018-ലാണ് വിചാരണ ആരംഭിച്ചത്. പിന്നീട് കേസ് അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ജഡ്ജിയെ നാഗ്പൂരിലേക്ക് സ്ഥലം മാറ്റിയതും വിവാദമായി.