by webdesk2 on | 31-07-2025 08:56:16 Last Updated by webdesk2
കേരള സര്‍വകലാശാല ഭരണ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിന്റെ ശമ്പളം തടയണമെന്ന കര്‍ശന നിര്‍ദേശം ഫൈനാന്‍സ് ഓഫീസര്‍ക്ക് നല്‍കി. ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി അനില്‍കുമാറിന് ശമ്പളം അനുവദിച്ചാല്‍ നടപടി സ്വീകരിക്കുമെന്നാണ് താക്കീത്. പ്രശ്നപരിഹാരത്തിനായി സിന്‍ഡിക്കേറ്റ് യോഗം വിളിക്കാനും വി.സി തയ്യാറായിട്ടില്ല.
സെപ്റ്റംബര്‍ ആദ്യവാരം യോഗം വിളിക്കാമെന്ന നിലപാടിലാണ് മോഹനന്‍ കുന്നുമ്മല്‍. സമവായത്തിന് സര്‍ക്കാര്‍ ശ്രമിച്ചിട്ടും വി.സി വിട്ട് വീഴ്ചയ്ക്ക് തയ്യാറല്ല. കെ എസ് അനില്‍കുമാറില്‍ നിന്നും ഇ-ഫയല്‍ ആക്സസ് പിന്‍വലിച്ച് മിനി കാപ്പന് നല്‍കിയിരുന്നു. രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാതെ സമവായത്തിന് വഴങ്ങില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് വി സി.
സസ്പെന്‍ഷന്റെ പശ്ചാത്തലത്തില്‍ അനില്‍ കുമാറിന്റെ ശമ്പളം തടയണമെന്നാണ് വിസിയുടെ ആവശ്യം. രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ ഔദ്യോഗിക വാഹനം തടയാന്‍ കഴിഞ്ഞ ദിവസം വി സി നടത്തിയ നീക്കം സര്‍വകലാശാല തള്ളിയിരുന്നു. സെക്യൂരിറ്റി ഓഫീസറോട് ഡ്രൈവറില്‍ നിന്നും വാഹനത്തിന്റെ താക്കോല്‍ വാങ്ങി മിനി കാപ്പനെ ഏല്‍പ്പിക്കാനുമായിരുന്നു വിസിയുടെ ഉത്തരവ്. എന്നാല്‍ ഔദ്യോഗിക വാഹനത്തില്‍ തന്നെ രജിസ്ട്രാര്‍ എത്തി. കഴിഞ്ഞ ദിവസം ജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിനെ ഒഴിവാക്കി മോഹനന്‍ കുന്നുമ്മല്‍ ഓണ്‍ലൈന്‍ യോഗം വിളിച്ചതും ഏറെ ചര്‍ച്ചയായിരുന്നു.