by webdesk2 on | 31-07-2025 08:43:26 Last Updated by webdesk2
വാഷിങ്ടണ്‍: പാക്കിസ്ഥാന്റെ എണ്ണപ്പാടങ്ങളുടെ വികസനത്തിനായി നിര്‍ണായക കരാര്‍ ഒപ്പിട്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പാക്കിസ്ഥാനിലെ എണ്ണപ്പാട വികസനത്തിന് ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ഡോണള്‍ഡ് ട്രംപ് സമൂഹമാധ്യമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഭാവിയില്‍ പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് എണ്ണവിറ്റേക്കുന്ന കാലമുണ്ടായേക്കാമെന്നും ട്രംപ് പ്രതികരിച്ചു.
എണ്ണപ്പാടങ്ങളുടെ വികസനം സാധ്യമാകുന്നതോടെ പാക്കിസ്ഥാന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് എണ്ണ കയറ്റുമതി ചെയ്യാനാകുമെന്നാണ് ട്രംപ് പറയുന്നത്. പാക്കിസ്ഥാനിലെ എണ്ണപ്പാടങ്ങളുടെ വികസനത്തിനായി അമേരിക്കയും പാക്കിസ്ഥാനും തമ്മിലുണ്ടായ ഈ പുതിയ ബന്ധത്തില്‍ പങ്കുചേരാന്‍ ഏത് എണ്ണ കമ്പനിയെ തിരഞ്ഞെടുക്കുമെന്നതിനെ സംബന്ധിച്ച് ആലോചനകള്‍ നടന്നുവരികയാണെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യയ്ക്കുമേല്‍ 25 ശതമാനം താരിഫ് ചുമത്തിയതായുള്ള പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഈ സുപ്രധാന പ്രഖ്യാപനം. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയ്ക്ക് മേല്‍ അമേരിക്ക കൂടുതല്‍ താരിഫ് ഏര്‍പ്പെടുത്തിയത്.