by webdesk2 on | 31-07-2025 08:07:56 Last Updated by webdesk3
ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ നല്‍കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും.ഹൈക്കോടതിയില്‍ ജാമ്യപേക്ഷ നല്‍കാനാനാണ് ആലോചന. എന്‍ഐഎ കോടതിയെ സമീപിച്ചാല്‍ കൂടുതല്‍ സമയം എടുത്തേക്കുമെന്നുള്ളത് കൊണ്ടാണ് തീരുമാനം.
ഛത്തീസ്ഗഡിലെ ക്രൈസ്തവ പുരോഹിതരും സിബിസിഐ അഭിഭാഷക സംഘവും നിയമ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി. ഛത്തീസ്ഗഡില്‍ ഉള്ള ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി വീണ്ടും ആഭ്യന്തരമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തും. കോണ്‍ഗ്രസ് എംഎല്‍എമാരായ റോജി എം ജോണ്‍ സജീവ് ജോസഫ് എന്നിവരും ദുര്‍ഗില്‍ തുടരുകയാണ്. കന്യാസ്ത്രീകളുടെ ബന്ധുക്കളും ഛത്തീസ്ഗഡില്‍ ഉണ്ട്.
അതേസമയം കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം ഇന്നും പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കാനാണ് സാധ്യത. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇരു സഭകളില്‍ നോട്ടീസ് നല്‍കാനാണ് പ്രതിപക്ഷ അംഗങ്ങളുടെ തീരുമാനം. കഴിഞ്ഞദിവസം ശൂന്യവേളയില്‍ കെസി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവര്‍ ലോക്സഭയില്‍ ഉന്നയിച്ചിരുന്നു. പാര്‍ലമെന്റിന് പുറത്തും പ്രതിഷേധിക്കും.