by webdesk3 on | 30-07-2025 02:52:09 Last Updated by webdesk2
കണ്ണൂര്‍: പരിയാരം ചെറുതാഴം ശ്രീസ്ഥയില്‍ കുടുംബപ്രശ്‌നത്തെ തുടര്‍ന്നുണ്ടായ ആത്മഹത്യാശ്രമത്തില്‍ അമ്മയും രണ്ട് മക്കളും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍. ധനേഷിന്റെ ഭാര്യ ധനഞ്ജയ (30)യാണ് രണ്ടു മക്കളായ ആറ് വയസ്സുള്ള ധ്യാന്‍ കൃഷ്ണയെയും നാലു വയസ്സുള്ള ദേവികയെയും കൂടെ കൂട്ടി ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ കിണറ്റില്‍ ചാടിയത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരുടെ ഉടന്‍ ഇടപെട്ടതോടെയാണ് മൂവരെയും രക്ഷപ്പെടുത്തിയത്. അഗ്നിശമന സേനയും പൊലീസ് ഉദ്യോഗസ്ഥരും പിന്നീട് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.
മൂവരെയും ഉടന്‍ തന്നെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യാശ്രമത്തിന് കാരണമായി കരുതുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.