by webdesk3 on | 30-07-2025 12:02:46 Last Updated by webdesk3
തൃശൂര്‍: ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിയ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നെടുങ്കോണം വലിയകത്ത് സ്വദേശി നൗഫലിന്റെ ഭാര്യ ഫസീലയാണ് മരിച്ചത്. ഫസീലയുടെ മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ കുടുംബം ഉയര്‍ത്തിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരിങ്ങാലക്കുട പൊലീസ് നൗഫലിനെ കസ്റ്റഡിയില്‍ എടുത്തത്.
മരണം സംഭവിക്കുന്നതിന് മുമ്പ് ഫസീല തന്റെ മാതാവിന് വാട്‌സ്ആപ്പിലൂടെ സന്ദേശം അയച്ചിരുന്നു. ഉമ്മ, ഞാന്‍ മരിക്കുകയാണ്... അല്ലെങ്കില്‍ ഇവര്‍ എനിക്ക് കൊല്ലും, എന്നായിരുന്നു സന്ദേശത്തില്‍ ഫസീല പറഞ്ഞത്. ഭര്‍ത്താവിന്റെ മര്‍ദനത്തില്‍ കൈ ഒടിഞ്ഞതായും, ഭര്‍തൃമാതാവ് അസഭ്യം പറഞ്ഞതായും സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പത്ത് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയായ ഫസീല രണ്ട് മാസം ഗര്‍ഭിണിയായിരുന്നു. ഈ വിവരം ഭര്‍ത്താവിനും കുടുംബത്തിനും ഇഷ്ടമായിരുന്നില്ലെന്നും, അതിന്റെ ഭാഗമായി നൗഫല്‍ ഫസീലയുടെ വയറ്റില്‍ ചവിട്ടിയെന്നുമാണ് പരാതി. ഭര്‍തൃമാതാവ് പലതവണ ഉപദ്രവിച്ചതായും സന്ദേശത്തില്‍ പറയുന്നുണ്ട്.