by webdesk3 on | 29-07-2025 02:36:19 Last Updated by webdesk2
ഇടുക്കി: ഇടുക്കി ജില്ലയിലെ മതമ്പയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിയായ തമ്പലക്കാട് സ്വദേശി പുരുഷോത്തമന്‍ (50) കൊല്ലപ്പെട്ടു. ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം നടന്നത്. റബ്ബര്‍ തോട്ടത്തില്‍ ടാപ്പിംഗിനിടെ കാട്ടാന ആക്രമിച്ചാണ് ദുരന്തം സംഭവിച്ചത്.
പുതുമുറിക്കുള്ള തോട്ടത്തിലേക്ക് ടാപ്പിംഗിന് പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണം. അദ്ദേഹത്തോടൊപ്പം മകനും ഉണ്ടായിരുന്നതായി പോലിസ് അറിയിച്ചു. കാട്ടാനയെ കണ്ട് മകന്‍ ഓടി രക്ഷപ്പെടാനായെങ്കിലും പുരുഷോത്തമന്‍ ആനയുടെ പിടിയിലായി. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ മുണ്ടക്കയത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തിന് ശേഷം കാട്ടാനയെ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് വനത്തിലേക്ക് ഓടിച്ചുവിട്ടു. സംഭവസ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന പരാതിയുമായി നാട്ടുകാര്‍ ശക്തമായി രംഗത്തെത്തി. നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയതോടെ വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.