by webdesk3 on | 29-07-2025 12:27:58 Last Updated by webdesk3
തൃശൂര്‍ ചിമ്മിണി ഡാമില്‍ വൈദ്യുതി ലൈനില്‍ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ സംഭവിച്ച അപകടത്തില്‍ തൊഴിലാളി മരിച്ച സംഭവത്തില്‍ കെഎസ്ഇബിക്കെതിരെ കടുത്ത പ്രതിഷേധം. എച്ചിപ്പാറ സ്വദേശി ചക്കുങ്ങല്‍ വീട്ടില്‍ ഖാദര്‍ (52) ആണ് ഇന്നലെ മരിച്ചത്.
മരണത്തിന് കാരണം കെഎസ്ഇബിയുടെ ഗുരുതര അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാരും കുടുംബവും രംഗത്തെത്തി. രണ്ട് ദിവസമായി വൈദ്യുതി കമ്പിയില്‍ വീണുകിടന്ന മരം മാറ്റാന്‍ കെഎസ്ഇബി മുന്‍കൈ എടുത്തില്ലെന്നും വനംവകുപ്പ് ഖാദറിനെ വിളിച്ച് മരം മുറിക്കാന്‍ ആവശ്യപ്പെട്ടതാണെന്നും അവര്‍ ആരോപിക്കുന്നു.
മരം മുറിക്കുന്നതിന് മുമ്പായി വൈദ്യുതി ലൈനുകള്‍ അഴിച്ചുമാറ്റണമെന്ന് ഖാദര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കെഎസ്ഇബി അതിനൊരുങ്ങിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. കമ്പിയില്‍ വഴുതിവീണ മരത്തടി ഖാദറിന് മുകളിലേക്ക് വീണതാണ് അപകടത്തിന് കാരണമായത്. വൈദ്യുതി ലൈന്‍ നേരത്തെ അഴിച്ചുമാറ്റിയിരുന്നെങ്കില്‍ ഖാദറിന്റെ ജീവന്‍ രക്ഷിക്കാനാകുമായിരുന്നു, എന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
അതേസമയം, ഖാദറിന്റെ മരണത്തില്‍ കെഎസ്ഇബിക്ക് ഉത്തരവാദിത്വമില്ലെന്നു വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി പ്രതികരിച്ചു. വൈദ്യുതി ലൈനുകള്‍ അന്നേദിവസം കെഎസ്ഇബി ഓഫ് ചെയ്തുകൊടുത്തിരുന്നു, എന്നും മന്ത്രി വ്യക്തമാക്കി.