by webdesk3 on | 28-07-2025 03:42:06
കേരളത്തില്‍ യുഡിഎഫിനെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്കാണ് അദ്ദേഹം മറുപടി നല്‍കിയത്.
യുഡിഎഫ് 100 സീറ്റ് നേടുമെന്ന ആത്മവിശ്വാസത്തിലാണ് ഞങ്ങള്‍. അതു സാധിച്ചില്ലെങ്കില്‍ ഞാന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കും. പിന്നെ എന്നെ എന്നെ രാഷ്ട്രീയത്തില്‍ കാണില്ല, സതീശന്‍ പറഞ്ഞു. വെള്ളാപ്പള്ളി നടേശന്‍ നേരത്തെ നടത്തിയ പ്രസ്താവനയിലാണ് വിവാദം തുടങ്ങിയത്.
യുഡിഎഫിന് 98 സീറ്റ് കിട്ടിയാല്‍ താന്‍ രാജിവെക്കും എന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. അതിനര്‍ത്ഥം യുഡിഎഫിന് 97 സീറ്റെങ്കിലും നേടുമെന്ന് അദ്ദേഹത്തിന് ഉറപ്പാണ്. ഞങ്ങള്‍ കഠിനാധ്വാനം ചെയ്യുകയാണ്. 100 ലധികം സീറ്റ് നേടാനും, യുഡിഎഫിനെ വീണ്ടും അധികാരത്തിലേക്ക് കൊണ്ടുവരാനും ഞങ്ങള്‍ക്ക് കഴിയുമെന്ന് ഉറപ്പാണ്.
വെള്ളാപ്പള്ളി ആര്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്ന് വ്യക്തമല്ലെന്നും, തര്‍ക്കത്തിനോ മത്സരത്തിനോ താന്‍ തയ്യാറല്ലെന്നുമാണ് സതീശന്‍ പറഞ്ഞു. ഇത് വെല്ലുവിളിയല്ല, പക്ഷേ എന്റെ നിലപാട് അത്രയേ ഉള്ളൂ, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.