by webdesk2 on | 28-07-2025 02:58:14 Last Updated by webdesk3
ജമ്മു കശ്മീരിലെ ശ്രീനഗറിന് സമീപം ലിഡ്വാസിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ ചിനാര്‍ കോര്‍പ്‌സ് ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ഓപ്പറേഷന്‍ മഹാദേവ് ആരംഭിച്ച വിവരം പുറത്തുവിട്ടത്.
ലഷ്‌കര്‍ ഇ തോയ്ബ ഭീകരര്‍റാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു. മൂന്ന് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍. ഭീകരരെ കുറിച്ച് ആട്ടിടയര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചില്‍. തുടര്‍ന്ന് സാങ്കേതിക സഹായത്തോടെ സൈന്യം ഭീകര സാന്നിധ്യം സ്ഥിരീകരിച്ചു. മൂന്ന് മൃതദേഹങ്ങളുടെ ഡ്രോണ്‍ ദൃശ്യങ്ങള്‍ ലഭിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
പഹല്‍ഗാം ഭീകരക്രമണം നടന്നു 97 ആം ദിവസമാണ് ഓപ്പറേഷന്‍ മഹാദേവ് നടക്കുന്നത്. സൈന്യം, സിആര്‍പിഎഫ്, ജമ്മു കശ്മീര്‍ പോലീസ് എന്നിവ സംയുക്തമായി നടത്തിയ ഓപ്പറേഷനാണിത്. രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്ന് ഹര്‍വാനിലെ മുള്‍നാര്‍ പ്രദേശത്താണ് സുരക്ഷാ സേന ഓപ്പറേഷന്‍ ആരംഭിച്ചത്. പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും കോമ്പിംഗ് ഓപ്പറേഷന്‍ തുടരുകയാണെന്നും വൃത്തങ്ങള്‍ അറിയിച്ചു.