by webdesk3 on | 28-07-2025 01:23:45 Last Updated by webdesk3
ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ് വിവാദമായ സാഹചര്യത്തില്‍, കേരളത്തില്‍ നിന്നുള്ള ബിജെപി നേതൃത്വത്തിലുള്ള സംഘം നാളെ അങ്ങോട്ട് പോകും. അനില്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചത്തീസ്ഗഡിലേക്ക് പോകുന്നത്. വിഷയത്തില്‍ നീതിയുക്തമായ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ സമീപിച്ചതായാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് പറഞ്ഞത്.
സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഇടപെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയോട് നീതിയുക്തമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് സമീപിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംഭവത്തില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്നു നല്‍കില്ല. കേസിന്റെ വിശദാംശങ്ങള്‍ മുഴുവന്‍ ലഭിച്ച ശേഷമേ അപേക്ഷ നല്‍കൂ. അന്വേഷണത്തില്‍ കുട്ടികളുടെ മൊഴി നിര്‍ണായകമാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്, കന്യാസ്ത്രീകളുടെ കൂടെയുണ്ടായിരുന്ന യുവതികളുടെ മാതാപിതാക്കളെയും റെയില്‍വേ സുരക്ഷാ സേന (ആര്‍പിഎഫ്) ചോദ്യം ചെയ്യാന്‍ തയ്യാറെടുക്കുകയാണ്.