by webdesk2 on | 28-07-2025 11:10:55 Last Updated by webdesk3
കളമശ്ശേരി: എറണാകുളം കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്‌നിക്കിലെ കഞ്ചാവ് കേസിലെ മുഖ്യ പ്രതി പിടിയില്‍. ഒഡീഷ സ്വദേശി അജയ് പ്രദാനെയാണ് കളമശ്ശേരി പൊലീസ് പിടികൂടിയത്. ഒഡീഷയിലെ ദരിങ്ക്ബാദില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഹോസ്റ്റലിലേക്ക് എത്തിക്കാന്‍ ഇതര സംസ്ഥാനക്കാരുടെ സംഘത്തിന് കഞ്ചാവ് കൈമാറിയത് ഇയാളാണ്.
മാര്‍ച്ച് 14 വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കളമശ്ശേരി പോളിടെക്‌നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നടത്തിയ പരിശോധനയില്‍ രണ്ടുകിലോയോളം കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ കെഎസ്യു പ്രവര്‍ത്തകരായ ആദിത്യന്‍ ആകാശ് എന്നിവരെയും എസ്എഫ്ഐ പ്രവര്‍ത്തകനായ അഭിരാജിനെയും പൊലീസ് പിടികൂടിയിരുന്നു. ഇതില്‍ ആകാശിന്റെ മുറിയില്‍ നിന്ന് 1.9 കിലോ കഞ്ചാവാണ് പിടികൂടിയത്.
ആകാശ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തിയിരുന്നതായി പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പിന്നാലെ ഇവര്‍ക്ക് കഞ്ചാവ് നല്‍കിയ ആഷിക്ക്, ഷാലിക്ക് എന്നീ പൂര്‍വ്വവിദ്യാര്‍ത്ഥികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ നാല് വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് പുറത്താക്കിയിരുന്നു.