by webdesk2 on | 28-07-2025 07:35:49 Last Updated by webdesk3
പൊതുമുതല്‍ നശിപ്പിച്ചതിന് ഗോവിന്ദച്ചാമിക്കെതിരെ ഗുരുതര വകുപ്പ് ചുമത്തി പൊലീസ്.സെന്റര്‍ ജയിലിലെ അതീവ സുരക്ഷാ സംവിധാനം ആസൂത്രിതമായി തകര്‍ത്തുവെന്നതാണ് കുറ്റം. ഗുരുതരവകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
അതേസമയം ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ജയില്‍ മേധാവിക്ക് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച്ചയുണ്ടായി എന്നായിരുന്നു ഡിഐജിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ജയിലിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത. ഗോവിന്ദച്ചാമിയുമായി ബന്ധപ്പെട്ടിരുന്ന സഹതടവുകാരുടെയും, സസ്പെന്‍ഷനിലായ ജയില്‍ ഉദ്യോഗസ്ഥരുടെയും മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും.
കഴിഞ്ഞദിവസം ഗോവിന്ദച്ചാമി ജയില്‍ ചാടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ജയിലിലെ സമ്പൂര്‍ണ സുരക്ഷ വീഴ്ച്ച തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ജയില്‍ ചാടാന്‍ പുറമേനിന്ന് സഹായങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. സഹ തടവുകാരെയും ജയില്‍ ഉദ്യോഗസ്ഥരെയും വീണ്ടും ചോദ്യം ചെയ്യും.